അഹമ്മദാബാദ്: ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന ആശയത്തിൽ സ്വാതന്ത്ര്യ ആശയങ്ങൾ പങ്കുവക്കുന്നതിനായി മഹാത്മാഗാന്ധി 1919ൽ ആരംഭിച്ചതാണ് നവ്‌ജീവൻ ട്രസ്റ്റ്. നവ്‌ജീവൻ എന്ന വാക്കിന് പുതിയ ജീവൻ എന്നാണ് ഹിന്ദി, ഗുജറാത്തി, ഇന്തോ ആര്യൻ ഭാഷകളിൽ അർഥം. 1919ൽ സെപ്‌റ്റംബർ ഏഴിനാണ് നവ്‌ജീവൻ പ്രതിവാര പത്രത്തിന്‍റെ എഡിറ്ററായി ഗാന്ധിജി സ്വയം നിയമിതനാകുന്നത്. 1930കളിൽ സ്വാതന്ത്യ്രസമര പോരാട്ടത്തിന് നവ്‌ജീവൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ഗാന്ധി ആശയങ്ങളുടെ പ്രചാരണം
അഹിംസ, സ്വാതന്ത്ര്യം, സാമുദായിക ഐക്യം എന്നീ ആശയങ്ങളാണ് നവ്‌ജീവനിലൂടെ ഗാന്ധിജി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഗാന്ധിയൻ ആശയങ്ങളുടെയും ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിന്‍റെയും അറിവിന്‍റെ കലവറയായി ട്രസ്റ്റ് ഇന്നും നിലനിൽക്കുന്നു. ഇംഗ്ലീഷിന് പുറമെ 18 ഇന്ത്യൻ ഭാഷകളിലായി 1000ത്തിൽ പരം പുസ്‌തകങ്ങൾ ട്രസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
മെഷീനുകളും ടൈപ്പ്റൈറ്റേഴ്‌സുകളും സംരക്ഷിക്കുന്നു
ബ്രീട്ടീഷ് കോളനിവൽക്കരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനായി ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധിജി നടത്തിയിരുന്ന വാരികകളാണ് നവ്‌ജീവനും യങ് ഇന്ത്യയും. നവ്‌ജീവൻ ട്രസ്റ്റിലെ മെഷീനുകളും ടൈപ്പ്റൈറ്റേഴ്‌സുകളും ഇന്നും സംരക്ഷിച്ചിട്ടുണ്ട്. ഡൽഹി അടിസ്ഥാനമായി പ്രവർത്തിച്ചിരുന്ന 'കോമ്രേഡ്' ദിനപത്രം പൂട്ടിയപ്പോൾ സ്ഥാപന ഉടമ മൗലാന മുഹമ്മദ് അലി പത്രത്തിന്‍റെ പേപ്പറുകളും പ്രിന്‍റിങ് പ്രസുകളും നവ്‌ജീവന് സംഭാവന നൽകുകയായിരുന്നു.
വിശ്വാസത്തിന്‍റെ 102 വർഷം പിന്നിട്ട് നവ്‌ജീവൻ ട്രസ്റ്റ് എഡിറ്ററായി ചുമതലയേറ്റ് ഗാന്ധി
ആദ്യ ഘട്ടത്തിൽ നവ്‌ജീവൻ മാസത്തിലൊരിക്കലാണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഗാന്ധിജി എഡിറ്ററായി നിയമിതനായതിന് ശേഷം വായനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. തുടർന്ന് പ്രസിദ്ധീകരണത്തിനായി പുതിയ പ്രിന്‍റിങ് പ്രസ്സുകൾ ആരംഭിച്ചു. വായനക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ 1922 ഫെബ്രുവരി 11ന് സർഖിഗര വാഡിയിൽ 400 രൂപ വാടകയ്ക്ക് വീട് വാടകക്ക് എടുത്ത് പ്രിന്‍റിങ് വർധിപ്പിക്കുകയായിരുന്നു. 1929 നവംബർ 27ന് നവ്‌ജീവൻ ട്രസ്റ്റ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. തുടർന്ന് ട്രസ്റ്റിന്‍റെ പ്രസിഡന്‍റായി സർദാർ വല്ലഭായ് പട്ടേലിനെ നിയമിച്ചു.
നവ്ജീവൻ ട്രസ്റ്റിന്‍റെ ലക്ഷ്യം
സമാധാനപരമായ സമര മാർഗങ്ങളിലൂടെ ജനങ്ങളെ പ്രബുദ്ധരാക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു നവജീവൻ ട്രസ്റ്റിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ചർക്ക, ഖാദി, സ്‌ത്രീ ശാക്‌തീകരണം, വിധവ വിവാഹം, സ്‌ത്രീകളുടെ വിദ്യാഭ്യാസം, സാമുദായിക ഐക്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതും തൊട്ടുകൂടായ്‌മ, ബാലവിവാഹം എന്നിവയെ എതിർക്കുന്ന ആശയങ്ങളും ആളുകളിലേക്ക് എത്തിക്കാൻ ട്രസ്റ്റ് ശ്രമിച്ചു. ഇംഗ്ലീഷിന് പകരം ഹിന്ദിയുടെയും ഹിന്ദുസ്ഥാൻ ഭാഷകളുടെയും പ്രചരിപ്പിക്കാനും നവ്‌ജീവൻ മുൻകൈ എടുത്തു.
മതപരമായ പുസ്‌തകങ്ങളും സാമൂഹിക,സാമ്പത്തിക, രാഷ്‌ട്രീയപരമായി ആളുകളുടെ ഉന്നമനത്തിന് സഹായിക്കുന്ന പുസ്‌തകങ്ങളും ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടാതെ പ്രസിദ്ധീകരണങ്ങളിൽ നിന്ന് പൂർണമായും പരസ്യങ്ങൾ ഒഴിവാക്കി. 'ആത്മ നിർഭറിൽ' വിശ്വസിച്ച ഗാന്ധിജി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെയും അച്ചടി പ്രവർത്തനങ്ങളിലൂടെയും നവജീവൻ ട്രസ്റ്റിനെ 'ആത്മനിർഭർ' ആക്കി. ഇന്നും നവ്‌ജീവൻ സംഭാവനകൾ സ്വീകരിക്കാതെയാണ് പ്രവർത്തിക്കുന്നത്.
ALSO READ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷി - ഖുദിറാം ബോസ്