ചണ്ഡീഗഡ്:പിജിഐഎംആർ 2700 കുട്ടികളിൽ നടത്തിയ സീറോ സർവേ പ്രകാരം 71 ശതമാനം സാമ്പിളുകളും ആന്‍റീബോഡികൾ വികസിപ്പിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ.ജഗത് റാം അറിയിച്ചു. രാജ്യം മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിലാണെങ്കിലും കുട്ടികൾക്ക് അധികം ബാധിക്കില്ല എന്നാണ് സീറോ സർവേ ഫലം കാണിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പറഞ്ഞു.
ചണ്ഡീഗഡിലെ നഗര, ഗ്രാമ പ്രദേശങ്ങൾ, ചേരി നിവാസികൾ എന്നിവരിൽ നിന്നാണ് പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചത്. മഹാരാഷ്‌ട്രയിലേയും ഡൽഹിയിലേയും കുട്ടികളിൽ പരിശോധന നടത്തിയതിൽ 50 മുതൽ 75 ശതമാനം കുട്ടികളിലാണ് ആന്‍റീബോഡി കണ്ടെത്തിയത്. കുട്ടികൾക്കായുള്ള വാക്‌സിൻ വികസിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആന്‍റീബോഡിയുടെ സാന്നിധ്യം കുട്ടികളിൽ കണ്ടെത്തുന്നത് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കില്ല എന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം അറിയിച്ചു.