അല്‍വാര്‍ (രാജസ്ഥാന്‍): 70 വയസുകാരി കുഞ്ഞിന് ജന്മം നൽകി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് അപൂര്‍വ പ്രസവം. ഇവരുടെ ഭര്‍ത്താവിന് 75 വയസുണ്ട്. നീണ്ട 54 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്.
പുരുഷായുസിന്‍റെ ഭൂരിഭാഗവും രാജ്യസേവനത്തിനായി നീക്കിവച്ച ജുന്‍ജുന്‍ സ്വദേശിയായ മുൻ സൈനികൻ ഗോപിചന്ദിനും ഭാര്യക്കും എല്ലാവരുടെയും ജീവിതത്തിലെ പോലെ മാതാപിതാക്കളാകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പട്ടാളത്തില്‍ ചേര്‍ന്ന അടുത്തകാലത്ത് തന്നെ ബംഗ്ലാദേശ് യുദ്ധത്തിന് പോകേണ്ടതായി വന്നു. ഇതോടെ അച്ഛനാവുക എന്ന സ്വപ്നം ഇയാള്‍ വിരമിച്ച ശേഷത്തേക്ക് മാറ്റിവച്ചു.
ഒടുവില്‍ 75 -ാം വയസിലാണ് ഇന്‍വിട്രോ ഫെര്‍ട്ടലൈസേഷന്‍ (ഐവിഎഫ്) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗോപിചന്ദ് അച്ഛനാകുന്നത്. അന്‍പത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സന്തോഷം തങ്ങളുടെ മുറ്റത്തെത്തുന്നതെന്നും എങ്ങും സന്തോഷത്തിന്‍റെ അന്തരീക്ഷമാണെന്നും ഗോപിചന്ദ് പറഞ്ഞു. "ബംഗ്ലാദേശുമായുളള യുദ്ധത്തില്‍ എന്‍റെ കാലിന് വെടിയേറ്റു. ഇതെത്തുടര്‍ന്ന് 1983ൽ പട്ടാളത്തിൽ നിന്ന് വിരമിച്ചു. പട്ടാളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഭാര്യയുമായി ഒരുപാട് ഡോക്‌ടറുമാരെ സമീപിച്ചുവെങ്കിലും എല്ലായിടത്തും നിരാശയായിരുന്നു ഫലം" എന്ന് അദ്ദേഹം പറഞ്ഞു.
Also read: മാസം തികയാതെയുള്ള പ്രസവം: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
തുടര്‍ന്ന്, ഗോപിചന്ദ് അൽവാറിലെ ഡോക്‌ടറുമായി ആലോചിച്ച ശേഷമാണ് തുടർ ചികിത്സ ആരംഭിക്കുന്നത്. ഒടുവില്‍ തിങ്കളാഴ്ച (08.08.2022) എഴുപതുകാരിയായ ചന്ദ്രാവതി അൽവാറിലെ സ്വകാര്യ ആശുപത്രിയിൽ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏകദേശം മൂന്നര കിലോയാണ് കുട്ടിയുടെ ഭാരം. അമ്മയും കുഞ്ഞും സന്തോഷത്തോടെയിരിക്കുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.