ചണ്ഡിഖഡ്: ഡൽഹി ഡോക്‌ടർമാർ മരിച്ചതായി പ്രഖ്യാപിച്ച ഏഴുവയസുകാരൻ ജീവനോടെ മടങ്ങിയെത്തി. ഹരിയാനയിലെ ജജ്ജർ ജില്ലയിൽ കുനാൽ ശർമ എന്ന ഏഴുവയസുകാരനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ടൈഫോയ്‌ഡ് മൂലം കുനാൽ ശർമയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഇതേതുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ മൃതദേഹം ബഹദൂർഗഡിലെ വസതിയിലേക്ക് അന്ത്യകർമങ്ങൾക്കായി കൊണ്ടുപോയി. കുട്ടിയുടെ അന്ത്യകർമങ്ങൾ അമ്മാവന്‍റെ വീട്ടിൽ നടത്തുമെന്ന് തീരുമാനിക്കുകയും ചെയ്‌തു.
Also Read:സ്ത്രീധന തർക്കം; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ
തന്‍റെ കൊച്ചുമകന്‍റെ ശരീരം അവസാനമായി കാണണമെന്ന് കുനാലിന്‍റെ മുത്തശ്ശി ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ ശരീരത്തിൽ വീണുകിടന്ന് കരയുകയായിരുന്ന കുനാലിന്‍റെ അമ്മയും അമ്മായിയും മൃതദേഹത്തിൽ ചലനം ഉള്ളതായി തിരിച്ചറിഞ്ഞു. ഉടൻ തന്നെ കുനാലിന്‍റെ പിതാവായ ഹിതേഷ് കുട്ടിക്ക് കൃത്രിമശ്വാസം നൽകാൻ തുടങ്ങി. ശേഷം കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ക്രമേണ സുഖം പ്രാപിച്ച കുട്ടി നിലവിൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.