വസയി (മഹാരാഷ്‌ട്ര): ചാര്‍ജിങ്ങിനിടെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ വസയിയിലാണ് സംഭവം. വീടിനകത്ത് ചാർജ് ചെയ്യാന്‍ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.
സെപ്‌റ്റംബർ 23ന് പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. വസയി ഈസ്റ്റിലെ രാംദാസ് നഗര്‍ സ്വദേശികളായ ഷഹനവാസ് അന്‍സാരി-രുക്‌സാന ദമ്പതികളുടെ മകന്‍ ഷബ്ബീറാണ് മരിച്ചത്. അപകടത്തില്‍ കുട്ടിക്ക് 70-80 ശതമാനം പൊള്ളലേറ്റിരുന്നു.
സംഭവദിവസം പുലര്‍ച്ചെ 2.30 ഓടെ ഷഹനവാസ് തന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി ഹാളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം വലിയൊരു പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടാണ് വീട്ടിലുള്ളവർ എഴുന്നേല്‍ക്കുന്നത്. അപകടസമയത്ത് മുത്തശ്ശിക്കൊപ്പം ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി.