ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും വിതരണം ചെയ്‌തു. വൈകിട്ട്(സെപ്‌റ്റംബര്‍ 30) അഞ്ചിന് വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
2020ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ആശാ പരേഖിന് സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് ബോളിവുഡ് ഇതിഹാസ നടി ആശാ പരേഖിന് പുരസ്‌കാരം സമ്മാനിച്ചത്.
ദേശീയ ഗാനം ആലപിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര സ്വാഗതം ആശംസിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹരായ സൂര്യ, അജയ് ദേവ്‌ഗൺ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, മികച്ച പിന്നണി ഗായിക നഞ്ചിയമ്മ തുടങ്ങിയവർ അവാർഡ് വാങ്ങുന്നതിനായി എത്തിച്ചേർന്നിരുന്നു.
ജൂറി അംഗങ്ങൾ:ഹിന്ദി ചലച്ചിത്ര നിർമാതാവ് വിപുൽ ഷാ അധ്യക്ഷനായ 10 അംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞടുത്തത്. ജൂറി അംഗവും ഛായാഗ്രാഹകനുമായ ധരം ഗുലാത്തിയാണ് ജൂലൈയിൽ അവാർഡുകൾ പ്രഖ്യാപിച്ചത്. ദേശീയ അവാർഡ് ജേതാവായ ബംഗാളി നടി ശ്രീലേഖ മുഖർജി, ഛായാഗ്രാഹകൻ ജിഎസ് ഭാസ്‌കർ, എ കാർത്തികരാജ, വിഎൻ ആദിത്യ, വിജി തമ്പി, സഞ്ജീവ് രത്തൻ, എസ് തങ്കദുരൈ, നിഷിഗന്ധ എന്നിവരും ജൂറി അംഗങ്ങളിൽ ഉൾപ്പെടുന്നു.