ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണിവരെ 68ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 200 മണ്ഡലങ്ങളില്‍ 199 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. Rajasthan election)
രാവിലെ മുതല്‍ തന്നെ പോളിംഗ് കേന്ദ്രങ്ങളുടെ മുന്നില്‍ കനത്ത നിര ദൃശ്യമായിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി. ഒറ്റപ്പെട്ടയിടങ്ങളില്‍ നിന്ന് ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ല(om birla) അടക്കമുള്ള ഉന്നതര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കോട്ടയിലെ സ്പ്രിംഗ് ഡെയ്ല്‍സ് സ്കൂളിലായിരുന്നു ഓംബിര്‍ല വോട്ട് രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്ക് ജനാധിപത്യത്തിള്ള വിശ്വാസം വര്‍ദ്ധിച്ചതാണ് വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ വോട്ടുകള്‍ എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് എന്നാണ് അര്‍ത്ഥമെന്നും ഓം ബിര്‍ല ഇടിവിയോട് പറഞ്ഞു.
പ്രായത്തിന്‍റെ അവശതകള്‍ കൂട്ടാക്കാതെ നൂറ് വയസ് പിന്നിട്ട രണ്ട് സ്ത്രീകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനെത്തിയതും ശ്രദ്ധേയമായി. 103കാരിയായ രഘുനാഥി ബായ് ദൗസയിലെ പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി തന്‍റെ വോട്ടവകാശം വിനിയോഗിച്ചു. വീല്‍ചെയറിലാണ് രഘുനാഥി ബായ് വോട്ട് ചെയ്യാനെത്തിയത്. സംഗോകത് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് രഘുനാഥി ബായ്. വോട്ട് ചെയ്ത ശേഷം സെല്‍ഫി പോയിന്‍റിലെത്തി ഫോട്ടോയ്ക്കും ഇവര്‍ പോസ് ചെയ്തു. 100 വയസുകാരി ജാല്‍ക്കോ ദേവിയും സാംലെത്തിയിലെ ബുത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്തു. 91കാരി രമണിവാസ് ജോഷി ആംബുസിലന്‍സിലാണ് തന്‍റെ വോട്ടവകാശം വിനിയോഗിക്കാനെത്തിയത്.
പക്കബാഗ് മേഖലയിലെ 90കാരനായ നന്ദറാം സൈനിയും ഭാര്യ 87കാരിയായ ഭഗ്വാന്‍ ദേയും ഒന്നിച്ചെത്തിയാണ് വോട്ട് ചെയ്തത്. പ്രായമായവര്‍ക്ക് വീട്ടില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ നേരിട്ടെത്തി വോട്ട് ചെയ്യണമെന്ന ഇവരുടെ ആഗ്രഹമാണ് ഇവരെ ബൂത്തിലെത്തിച്ചത്.