അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയിൽ ഒരാളുടെ പേരിൽ 658 സിം കാർഡുകൾ. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാർഡുകളും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിം കാർഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൂൾകിറ്റ് ഉപയോഗിച്ച് ഫിൽട്ടർ ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എഎസ്‌ടിആർ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഫേഷ്യൽ റെക്കഗ്നിഷൻ പവേർഡ് സൊല്യൂഷൻ ഫോർ ടെലികോം സിം സബ്‌സ്‌ക്രൈബർ വെരിഫിക്കേഷൻ) സോഫ്‌റ്റ്‌വെയർ സിം കാർഡ് തട്ടിപ്പ് കണ്ടെത്തുകയും ബന്ധപ്പെട്ട നമ്പറുകൾ തടയുകയും ചെയ്യുന്നു.
ഈ പരിശോധനയിലാണ് ഒറ്റ നെറ്റ്‌വർക്ക് കമ്പനിയുടെ തന്നെ 658 സിം കാർഡുകൾ ഒരേ വ്യക്‌തിക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത് കൂടാതെ അജിത്‌സിങ് നഗർ, വിസ്സന്നപേട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 150 സിം കാർഡുകൾ കൂടി വ്യാജ രേഖകൾ ഉപയോഗിച്ച് ഇത്തരത്തിൽ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ഒരു ഫോട്ടോ ഉപയോഗിച്ച് എങ്ങനെ ഇത്രയും സിമ്മുകൾ ഒരാൾക്ക് എടുക്കാൻ സാധിച്ചു എന്നതിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ രേഖകളിലൂടെ സ്വന്തമാക്കിയ സിം കാർഡുകൾ തെറ്റായ പ്രവർത്തികൾക്ക് ഉപയോഗിച്ചാൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.