മുംബൈ: പ്രൊ കബഡി ലീഗില്‍ ഇത്തവണ താര ലേലം കൊഴുക്കും. താരപ്പകിട്ടുള്ള പ്രമുഖ താരങ്ങളെ ടീമുകൾ നിലനിർത്താതിരുന്നതോടെയാണ് ഓഗസ്റ്റ് 29 മുതല്‍ 31 വരെ നടക്കുന്ന ലേലം ആരാധകരുടേയും ടീമുകളുേയും ശ്രദ്ധയാകർഷിക്കുന്നത്. പ്രൊ കബഡി ലീഗിലെ എട്ടാം സീസണിലേക്ക് ആകെ 59 കളിക്കാരെ മാത്രമാണ് ടീമുകൾ നിലനിർത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച മാഷല്‍ സ്‌പോർട്സ് നടത്തുന്ന പ്രൊ കബഡി ലീഗിന്‍റെ എട്ടാം സീസൺ ഡിസംബറില്‍ നടക്കുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയാണ് താര ലേലം നടത്തുന്നത്.
മൂന്ന് കാറ്റഗറികളിലായി താരങ്ങൾ
50 താരങ്ങളെ ടീമുകൾ നിലനിർത്തിയപ്പോൾ അതില്‍ 22 താരങ്ങൾ എലൈറ്റ് റീടെയ്‌ൻഡ് കളിക്കാർ, ആറ് പേർ റീടെയ്‌ൻഡ് യുവ താരങ്ങൾ, 31 കളിക്കാർ പുതിയ യുവ താരങ്ങൾ എന്നിങ്ങനെ മൂന്ന് ഗണത്തിലാണ് ഉൾപ്പെട്ടത്. നിലനിർത്താതെ ടീമുകൾ ഒഴിവാക്കിയ താരങ്ങൾക്കായി മുംബൈയില്‍ ഓഗസ്റ്റ് 29 മുതല്‍ 31 വരെ ലേലം നടക്കും.
ലേലത്തിന് വരുന്ന സൂപ്പർ താരങ്ങൾ
161 പേരെയാണ് ഇത്തവണ ടീമുകൾ ലേലത്തിന് വിട്ടത്. അതില്‍ പ്രൊ കബഡി ലീഗിലെ സൂപ്പർ താരമായ പ്രദീപ് നർവാൾ അടക്കമുള്ളവർ ഉൾപ്പെടും. മൂന്ന് തവണ ചാമ്പ്യൻമാരായ പട്‌ന പൈറേഴ്‌സിന്‍റെ താരമായ പ്രദീപ് നർവാൾ ഇത്തവണ ലേലത്തിന് എത്തുമ്പോൾ വൻ വില കൊടുക്കാൻ മറ്റ് ടീമുകൾ തയ്യാറാകുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ വാരിയേഴ്‌സിന്‍റെ താരവും ഇന്ത്യൻ കബഡിയിലെ മുതിർന്ന താരവുമായ സുകേഷ് ഹെഗ്‌ഡെ, പ്രതിരോധ താരം ജീവ കുമാർ എന്നിവരും ലേലത്തിനുണ്ട്.
അതോടൊപ്പം ആരാധകരുടെ ഇഷ്ട താരമായ ഇറാനിയൻ ഇന്‍റർനാഷണല്‍ മിറാജ് ഷെയ്‌ക്കിനെ ഡബാങ് ഡെല്‍ഹിയും റെയ്‌ഡർ സിദ്ധാർഥ് ദേശായിയെ തെലുഗു ടൈറ്റൻസും ഓൾറൗണ്ടർ സന്ദീപ് നർവാളിനെ യു മുംബയും റെയ്‌ഡർ റിഷാങ്ക് ദേവാഡിഗയെ യുപി യോദ്ധയും ലേലത്തിന് വിട്ടു. ബെംഗളൂരു ബുൾസിന്‍റെ നായകൻ രോഹിത് കുമാർ, വെറ്ററൻ ഡിഫൻഡർ ധർമരാജ് ചെർലാതൻ, സൂപ്പർ ഓൾറൗണ്ടർ ദീപക് ഹൂഡ, ഡിഫൻഡർ സുർജീത് സിങ് എന്നിവരും ലേലത്തിനെത്തും. സൂപ്പർ താരങ്ങളായ അജയ് താക്കൂർ, രാഹുല്‍ ചൗധരി, മൻജീത് ചില്ലാർ എന്നിവർ കൂടി ലേലത്തിന് എത്തുന്നതോടെ ഇത്തവണത്തെ കബഡി താരലേലം കൊഴുക്കുമെന്നുറപ്പാണ്.