ലഖ്‌നൗ:സംസ്ഥാനത്ത് പഞ്ചായത്ത് വോട്ടെടുപ്പ് സമയത്ത് 577 അധ്യാപകരും സപ്പോർട്ട് സ്റ്റാഫും കൊവിഡ് ബാധിച്ച് മരിച്ചതായി ഉത്തർപ്രദേശിലെ വിവിധ അധ്യാപക യൂണിയനുകൾ. മരിച്ച 577 പേരുടെ പട്ടിക യൂണിയനുകൾ ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നൽകി. യുപി ശിക്ഷാ മഹാസംഗിന്‍റെ (യുപിഎസ്എം) പ്രസിഡന്‍റ് ദിനേശ് ചന്ദ്ര ശർമ അയച്ച പട്ടികയിൽ 577 അധ്യാപകരുടെയും പേരും വിലാസവുമുണ്ട്. മെയ് 2 ലെ വോട്ടെണ്ണൽ ദിവസം വിട്ടുനിൽക്കാൻ യൂണിയനുകൾ ഇപ്പോൾ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച, അലഹബാദ് ഹൈക്കോടതി എസ്.ഇ.സിക്ക് നോട്ടീസ് അയച്ചിരുന്നു.
പഞ്ചായത്ത് വോട്ടെടുപ്പ് ചുമതലയുണ്ടായിരുന്ന 577 അധ്യാപകർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് യൂണിയനുകൾ
മെയ് 2 ലെ വോട്ടെണ്ണൽ ദിവസം വിട്ടുനിൽക്കാൻ യൂണിയനുകൾ ഇപ്പോൾ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്
ഫത്തേപൂർ, ബൽറാംപൂർ, ഷംലി, അലിഗഡ്, ഹമീർപൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് തെരഞ്ഞെടുപ്പ് ചുമതലകൾക്കെത്തിയ അധ്യാപകരുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശർമ്മ പറഞ്ഞു. ഏപ്രിൽ 12 ന് കൊവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ ഞങ്ങൾ എസ്ഇസിയോട് അഭ്യർഥിച്ചിരുന്നുവെങ്കിലും ഞങ്ങളുടെ അഭ്യർഥന അവഗണിക്കപ്പെട്ടു. വോട്ടെണ്ണൽ ഡ്യൂട്ടി ബഹിഷ്കരിക്കാൻ ഞങ്ങൾ നിർബന്ധിതരായേക്കാം, ശർമ്മ കൂട്ടിച്ചേർത്തു.
മറ്റൊരു യൂണിയനായ രാഷ്ട്രീയ ശിക്ഷാ മഹാസംഗും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എസ്ഇസിയുടെ ഓഫീസിന് മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. വോട്ടെടുപ്പ് ഇതിനകം തന്നെ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും തങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും യുപി പ്രൈമറി ടീച്ചർ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്‍റ് രാജേന്ദ്ര സിംഗ് പറഞ്ഞു.