കൊൽക്കത്ത:പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്ന് 56 ബോംബുകൾ പൊലീസ് കണ്ടെടുത്തു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് ബോംബുകൾ കണ്ടെടുത്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നരേന്ദ്രപുർ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഖേഡഹയിലെ ഒരു കെട്ടിടത്തിൽ നിന്ന് ബോംബുകൾ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡ് എത്തി 56 ബോംബുകളും നിർവീര്യമാക്കി.
ബംഗാൾ തെരഞ്ഞെടുപ്പിനിടെ നടത്തിയ പരിശോധനയില്‍ 56 ബോംബുകൾ കണ്ടെടുത്തു - ബോംബ് നിർമാർജന സംഘം
ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെയാണ് ബോംബുകൾ കണ്ടെടുത്തത്
തരുൺ എന്ന വ്യക്തിക്കും സംഭവവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 79.79 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ പോളിങ് സമാധാനപരമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആരിസ് അഫ്താബ് പറഞ്ഞു. എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ടം ഏപ്രില്‍ 29നാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് രണ്ടിനും നടക്കും.