ന്യൂഡൽഹി :പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ മൂന്നാം ഘട്ടത്തിനുകീഴിൽ മെയ് മാസത്തിൽ 55 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിച്ചതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെ. ജൂണ്‍ മാസം 2.6 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഡിപ്പോകളിൽ നിന്ന് 63.67 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. ഇത് മെയ്, ജൂൺ മാസങ്ങളിലെ 80 ശതമാനം വിഹിതമാണ്. മെയ് മാസത്തിൽ 34 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 55 കോടിയോളം വരുന്ന ഗുണഭോക്താക്കൾക്ക് നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റ് പ്രകാരം 28 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.