ബെംഗളൂരു: കർണാടകയിലെ ബിദാറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന 52 അധ്യാപകർ കൊവിഡ് ബാധിച്ച് മരിച്ചു. ഉപതെരഞ്ഞെടുപ്പ്, ബിദാർ മുനിസിപ്പൽ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നു മുതൽ മെയ് 14 വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന 52 അധ്യാപകരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ബിദാറിൽ നിന്ന് 1,434 അധ്യാപകരെയും അനധ്യാപക ജീവനക്കാരെയുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഇവരെ ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു. അവരിൽ 67 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച 67 പേരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ച 52 പേർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കാമെന്നാണ് കരുതുന്നത്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച 26 അധ്യാപകരിൽ ചിലർ ആശുപത്രികളിൽ ചികിത്സ തേടുകയും ചിലർ വീട്ടിൽ ഐസോലേഷനിൽ കഴിയുകയുമാണ്.
കർശന സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ബിദാർ പബ്ലിക് ഇൻസ്‌ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്‌ടർ ടി.ആർ ഡോഡ്ഡെ അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്‌തിരുന്നു. എന്നാൽ എങ്ങനെയാണ് അധ്യാപകർക്ക് കൊവിഡ് ബാധിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Also Read:24 മണിക്കൂറിനിടെ കർണാടകയിൽ 38603 കൊവിഡ് ബാധിതര്‍, 476 മരണങ്ങള്‍