കേരളം

kerala

ETV Bharat / bharat

ബിഹാർ രാമനവമി ആക്രമണം: സസാറാം പട്ടണത്തിൽ ബോംബ് സ്‌ഫോടനം; പരിക്കേറ്റവർ ആശുപത്രിയിൽ - ബോംബ് സ്‌ഫോടനം

സസാറാമിൽ നാളെ കേന്ദ്ര മന്ത്രി അമിത്‌ ഷാ പങ്കെടുക്കുന്ന ഒരു പരിപാടി തീരുമാനിച്ചിരുന്നു. എന്നാൽ സംഘർഷവും നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിപാടി റദ്ദാക്കിയിരുന്നു

bomb blast in Sasaram  സസാറാം പട്ടണത്തിൽ ബോംബ് സ്‌ഫോടനം  ബിഹാർ  സസാറാം  പശ്ചിമ ബംഗാൾ  സംഘർഷം  വർഗീയ കലാപം  5 injured in bomb blast in Sasaram  clashes in parts of Bihar  ബോംബ് സ്‌ഫോടനം
ബോംബ് സ്‌ഫോടനം

By

Published : Apr 2, 2023, 8:28 AM IST

Updated : Apr 2, 2023, 11:36 AM IST

സസാറാം (ബിഹാർ): രാമ നവമിയോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തെ തുടർന്ന് ശനിയാഴ്‌ച വൈകുന്നേരം ബിഹാറിലെ സസാറാം പട്ടണത്തിൽ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തിയതായും അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

ബിഹാറിൽ രാമനവമി ദിനത്തിൽ സംഘർഷമുണ്ടായിടത്താണ് സ്ഫോടനവുമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സ്ഫോടനം. സസാറാമിൽ നാളെ കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന പരിപാടി നടത്താനിരുന്നതാണ്. എന്നാൽ സംഘർഷവും നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിപാടി റദ്ദാക്കിയിരുന്നു.

രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ ഇതിനോടകം 38 പേരെയാണ് വർഗീയ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ബിഹാറിലെ നളന്ദയില്‍ 27 പേരുടെയും സസാറാമില്‍ 18 പേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read:തെരഞ്ഞെടുപ്പ് പൊടിപൊടിക്കാൻ കോടികളുടെ കുഴൽപ്പണം: കർണാടകയിൽ പിടികൂടിയത് 1.60 കോടി രൂപയും നാലു കോടിയിലധികം വിലവരുന്ന സാരിയും

രാമനവമി കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷവും ബിഹാറിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇന്നലെ റോഹ്താസ്, നളന്ദ ജില്ലകളിൽ വീണ്ടും അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നളന്ദയിലെ ബിഹാർ ഷരീഫിൽ ഇന്നലെ വൈകുന്നേരം രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ചയാണ് രണ്ട് ജില്ലകളിലും സംഘർഷം ആദ്യം റിപ്പോർട്ട് ചെയ്‌തത്.

രാമനവമി ഘോഷയാത്രകൾ നടത്തുന്നതിനെ ചൊല്ലി വ്യാഴാഴ്‌ച മുതൽ ബിഹാറിൽ സംഘർഷം നിലനിന്നിരുന്നു. വെള്ളിയാഴ്‌ച ഉച്ചയോടെ സംഘർഷം പൂർണമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പുകൾ പരസ്‌പരം കല്ലേറ് നടത്തി. കുറഞ്ഞത് 80 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ച് സമുദായ നേതാക്കൾ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും നളന്ദ ജില്ല മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭങ്കർ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്‌തു.

നളന്ദയിലും രോഹ്താസിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കലാപ ബാധിത പ്രദേശങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുണ്ട് എന്നും തെറ്റായതോ പ്രകോപനപരമോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയയും നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് സസാറാം സന്ദർശിക്കാനിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാവിലെ ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കറുമായി സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം സംസ്ഥാനത്തെ വർഗീയ സംഘർഷങ്ങൾ ആസൂത്രിതമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചു. 'സസാറാമിലെയും ബിഹാർ ഷെരീഫിലെയും രാമനവമി ആഘോഷവേളയിലെ വർഗീയ സംഘർഷങ്ങൾ അസ്വസ്ഥമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടാണ് പ്രദേശത്ത് സംഭവിച്ചത്. ഇത് സ്വാഭാവികമല്ല', നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ബൈക്ക് മോഷ്‌ടാക്കളായ കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ; മോഷണം ആർഭാട ജീവിതവും ലഹരി മരുന്നും ലക്ഷ്യമിട്ട്

Last Updated : Apr 2, 2023, 11:36 AM IST

ABOUT THE AUTHOR

...view details