മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് അറേബ്യൻ കടലിൽ മുങ്ങിയ ബാർജിൽ നിന്ന് കാണാതായവർക്കായി നാവികസേന നാലാം ദിവസവും തെരച്ചിൽ തുടരുന്നു. 49 പേരെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്‌ച രാവിലെ തന്നെ ഹെലികോപ്‌ടറുകൾ വിന്യസിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ബാർജ് പി 305ൽ ഉണ്ടായിരുന്ന 261 പേരിൽ 186 പേരെയും വരപ്രദ എന്ന ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെയും രക്ഷപ്പെടുത്തിയതായി നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കാണാതായവരെ രക്ഷപ്പെടുത്താനുള്ള പ്രതീക്ഷ നഷ്‌ടപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും എന്തു കൊണ്ടാണ് ബാർജ് അവിടെ തന്നെ തുടർന്നതെന്ന് അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.