കൊളംബോ :സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്‌ക്ക് 40,000 മെട്രിക് ടൺ ഡീസൽ കൈമാറി ഇന്ത്യ. കൂടുതലും ഡീസൽ വാഹനങ്ങളുള്ള ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ധന വിതരണം നിലച്ച അവസ്ഥയിലായിരുന്നു. ഇതേത്തുടർന്നാണ് നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്ന ഡീസൽ ഇന്ത്യ അടിയന്തരമായി കൈമാറിയത്.
ഇന്ധനക്ഷാമം കൂടാതെ ശ്രീലങ്കയിൽ വ്യാഴാഴ്‌ച മുതൽ ആരംഭിച്ച 13 മണിക്കൂർ പവർകട്ടും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. 1996-ൽ വൈദ്യുതി നിലയത്തിലെ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് ശ്രീലങ്കയിൽ 72 മണിക്കൂർ വൈദ്യുതി തടസം നേരിട്ടിരുന്നു. ഇതിന് ശേഷമുള്ള എറ്റവും വലിയ വൈദ്യുതി തടസത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
അതേസമയം ഇന്ത്യയിൽ നിന്നുള്ള ഡീസൽ സപ്ലൈ നിലവിലുള്ള പവർകട്ട് ലഘൂകരിക്കുമെന്ന് സംസ്ഥാന ഇന്ധന സ്ഥാപനമായ സിലോൺ ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മരുന്നും ഭക്ഷണവും ഉൾപ്പടെയുള്ള അവശ്യ വസ്‌തുക്കളുടെ ഇറക്കുമതിക്കായി ഒരു ബില്യണ്‍ ഡോളറിന്‍റെ വായ്‌പാസഹായവും ഇന്ത്യ ശ്രീലങ്കയ്‌ക്ക് അനുവദിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 40,000 ടണ്‍ അരിയും ഇന്ത്യ ഉടനെ ശ്രീലങ്കയ്‌ക്ക് കൈമാറും.
ALSO READ:ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: സംശയം തോന്നുന്ന ആരെയും സൈന്യം അറസ്റ്റ് ചെയ്യും
1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങൾ അക്രമാസക്‌തമായതോടെ ശ്രീലങ്കയിൽ വെള്ളിയാഴ്‌ച രാത്രി മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.