പട്‌ന: കൊവിഡ് രണ്ടാം തരംഗം 40 നഴ്‌സുമാരുടെ ജീവൻ കവർന്നതായി ബിഹാർ മെഡിക്കൽ ആന്‍റ് ഹെൽത്ത് എംപ്ലോയീസ് അസോസിയേഷൻ. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ജോലി ചെയ്‌തിരുന്ന നഴ്‌സുമാർ ഡ്യൂട്ടി സമയത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് മരിച്ചതെന്നാണ് അസോസിയേഷന്‍റെ ആരോപണം.
കൊവിഡ് മാനദണ്ഡങ്ങൾ അനുരിച്ച് മൂന്ന് ഷിഫ്‌റ്റുകളായി ജോലി ചെയ്‌തിരുന്ന നഴ്‌സുമാർക്ക് താമസ സൗകര്യമോ ഭക്ഷണമോ നൽകിയിരുന്നില്ലെന്നും സംഘടന പറയുന്നു. ഏറ്റവും കൂടുതൽ മരണങ്ങൾ പട്‌ന ജില്ലയിലാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വിശ്വനാഥ് സിംഗ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 30,000 നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. കൊവിഡ് ബാധിച്ച രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവരിൽ ഭൂരിഭാഗം പേരും രോഗബാധിതരായതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു.