ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിലെ വിഹാർ കോളനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി പൊലീസ്. രാജീവ് സൂദ് എന്ന വ്യക്തിയുടെ വീട്ടിലാണ് സംഭവം. സംഭവത്തിന് ശേഷം സൂദിനെ കാണാനില്ലെന്നും പൊലീസ് കൂട്ടിചേർത്തു. സൂദിന്‍റെ ഭാര്യ സുനിത, മകൻ ആശിഷ്, മരുമകൾ ഗരിമ, 13 വയസുള്ള ചെറുമകൻ എന്നിവരെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സമീർ വർമ്മ വ്യക്തമാക്കി.
ലുധിയാനയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - ലുധിയാനയിൽ കൊലപാതകം
സംഭവത്തിന് കാരണം കുടുംബ തർക്കമാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്
ഗരിമയുടെ പിതാവ് വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഏറെ നേരം വീടിന്‍റെ പുറത്ത് കാത്ത് നിന്നിട്ടും ആരും വാതിൽ തുറക്കാതായപ്പോൾ അദ്ദേഹം അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ കുടുംബ തർക്കമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സൗത്ത് സിറ്റി പ്രദേശത്തിനടുത്തുനിന്ന് കത്തിക്കരിഞ്ഞ നിലയിൽ സൂദിന്‍റെ കാർ കണ്ടെത്തിയിതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു.