ഹൈദരാബാദ് : ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരം നടക്കുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപമുള്ള ജിംഖാന ഗ്രൗണ്ടിൽ ടിക്കറ്റിനായി കൂട്ടത്തല്ല്. തിക്കിത്തിരക്കിയവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പെട്ടും, ലാത്തി ചാർജിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണും നാല് പേർക്ക് പരിക്കേറ്റു.
ഇന്ത്യ - ഓസ്‌ട്രേലിയ മത്സരത്തിന്‍റെ ടിക്കറ്റിനായി ഹൈദരാബാദിൽ കൂട്ടത്തല്ല് ; ലാത്തി വീശി പൊലീസ് - Chaotic scenes at Gymkhana
കൗണ്ടർ ടിക്കറ്റ് വിൽക്കുന്ന ജിംഖാന ഗ്രൗണ്ടിന് മുൻപിലാണ് ആരാധകർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായത്
ടിക്കറ്റിനായി പുലർച്ചെ അഞ്ച് മണി മുതൽ തന്നെ ആരാധകർ ജിംഖാന ഗ്രൗണ്ടിന് മുൻപിൽ എത്തിയിരുന്നു. എന്നാൽ പുലർച്ചെ ഒൻപത് മണിയോടെ എത്തിയ ചിലർ ക്യൂ തെറ്റിച്ച് കയറാൻ ശ്രമിച്ചതാണ് അടിപിടിയിൽ കലാശിച്ചത്. ഉന്തിനും തള്ളിനും ഇടയിൽപ്പെട്ട് നിരവധി സ്‌ത്രീകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
മൂന്ന് വര്‍ഷത്തിനുശേഷമാണ് ഹൈദരാബാദ് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റിനായി ആവശ്യക്കാരും ഏറെയാണ്. ബുധനാഴ്‌ച തന്നെ പലരും ജിംഖാന ഗ്രൗണ്ടിലെ കൗണ്ടറിന് മുന്നിലെത്തിയെങ്കിലും ടിക്കറ്റുകൾ വ്യാഴാഴ്‌ച രാവിലെ മുതൽക്കേ വില്‍പനയ്ക്ക് എത്തൂവെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. സെപ്‌റ്റംബർ 25 നാണ് മത്സരം.