ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഡി എം കെ നേതാവുമായ കെ. പൊന്മുടിക്ക് അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവുശിക്ഷ.ചെന്നൈ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷത്തെ തടവുശിക്ഷ നടപ്പാക്കുന്നത് മുപ്പതു ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. മന്ത്രിക്ക് അപ്പീല്‍ പോകാനുള്ള സൗകര്യമൊരുക്കുന്നതിനാണിത്.
മൂന്നു വര്‍ഷത്തെ ശിക്ഷ വിധിച്ചതോടെ പൊന്മുടി സ്റ്റാലിന്‍ മന്ത്രി സഭയില്‍ നിന്ന് പുറത്താകും. ഇദ്ദേഹം അയോഗ്യനാക്കപ്പെടുന്നതോടെ നിയമസഭാംഗത്വവും റദ്ദാകും.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് എം. കെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ മന്ത്രിയാണ് പൊന്മുടി. ആറുമാസം മുമ്പാണ് വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റു ചെയ്തത്.
നേരത്തേ വില്ലുപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊന്മുടിയേയും ഭാര്യയേയും കേസില്‍ കുറ്റ വിമുക്തരാക്കിയതിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ജയചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
മന്ത്രിക്കും ഭാര്യക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായും ജഡ്ജ് നിരീക്ഷിച്ചു.
2006 മുതല്‍ 2011 വരെ ഡി എം കെ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ പൊന്മുടിയും ഭാര്യയും അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്നാണ് കേസ്. പൊന്മുടിയുടേയും ഭാര്യ വിശാലാക്ഷിയുടേയും പേരില്‍ 1.75 കോടി രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടാക്കിയെന്നായിരുന്നു വിജിലന്‍സ് കേസ്.
വിചാരണക്കോടതി നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി പ്രതി നല്‍കിയ വാജ രേഖകള്‍ വരുമാനത്തിന് തെളിവായി കോടതി പരിഗണിച്ചത് ശരിയായില്ലെന്ന് നിരീക്ഷിച്ചു. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദന കേസില്‍ പ്രതി ഇന്‍കം ടാക്സ് വകുപ്പിനു മുമ്പാകെ സമര്‍പ്പിച്ച സ്വയം വെളിപ്പെടുത്തല്‍ രേഖയിലെ വിവരങ്ങള്‍ അടിസ്ഥാന രേഖയായി സ്വീകരിക്കുന്നത് ഉചിതമായ നടപടിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച വിചാരണ കോടതിക്ക് കാര്യമായ വീഴ്ച പറ്റിയ സാഹചര്യത്തില്‍ അപ്പീല്‍കോടതി ഇടപെട്ട് കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2024 ലെ ലോക് സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങുന്ന ഡി എംകെക്ക് വില്ലു പുരത്തു നിന്നുള്ള ഡിഎം കെയുടെകരുത്തനായ നേതാവ് പൊന്മുടിയുടെ അറസ്റ്റ് വലിയ തിരിച്ചടിയായിരിക്കുകയാണ്.അഞ്ചുതവണ നിയമസഭാംഗമായ പൊന്മുടി 1996 ല്‍ കരുണാനിധി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കേയാണ് ആദ്യ അഴിമതി ആരോപണം നേരിട്ടത്. 2011 ല്‍ ജയലളിത സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് 12 വര്‍ഷത്തിനു ശേഷം പൊന്മുടി ശിക്ഷിക്കപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ അവസരമുണ്ടെങ്കിലും പൊന്മുടി ശിക്ഷിക്കപ്പെട്ടത് ഡി എം കെയ്ക്ക് വില്ലുപുരത്തിനു പുറമേ തമിഴ്നാടിന്‍റെ വടക്കന്‍ ജില്ലകളിലും വലിയ തിരിച്ചടിയാവും.
Conclusion: