ന്യൂഡൽഹി: കൊവിഡ് 19 മഹമാരി രാജ്യത്തെ 3,85,000 ജീവൻ അപഹരിച്ചതായി കേന്ദ്രം. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൊവിഡ് മൂലം മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായി കേന്ദ്രം സർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എക്സ് ഗ്രേഷ്യ നൽകുന്നതിലെ പരിമിതി
അഭിഭാഷകരായ റീപാക് കൻസലും ഗൗരവ് ബൻസലും സമർപ്പിച്ച ഹർജികളിൽ കോടതി പുറപ്പെടുവിച്ച നോട്ടീസിനാണ് കേന്ദ്രം മറുപടി നല്‍കിയത്. കൊവിഡ് മൂലം ഉണ്ടായ മരണങ്ങൾ എല്ലാ വിഭാഗങ്ങളിലെയും കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. സമ്പന്നരും ദരിദ്രരും തൊഴിലാളികളും, വ്യാപാരികളും കൃഷിക്കാരും എല്ലാം മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നുണ്ട്.
ഇവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സർക്കാരിന് പൂർണ ബോധമുണ്ട്. എന്നിരുന്നാലും മരണമടഞ്ഞവരുടെ കുടുബങ്ങൾക്ക് എക്സ് ഗ്രേഷ്യ (ദുരന്തങ്ങൾക്ക് അടിയന്തര സഹായം നൽകുന്നത്) സഹായത്തിലൂടെ മാത്രമേ നിലവിൽ സാമ്പത്തിക പിന്തുണ നൽകാൻ കഴിയുകയുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വേണ്ടത് വിശാല സമീപനം
ആരോഗ്യപരമായ ഇടപെടലുകൾ, സാമൂഹിക സംരക്ഷണം, ബാധിത സമൂഹങ്ങൾക്ക് സാമ്പത്തികമായി ഉദ്ദീപിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ സമീപനമാണ് നിലവിൽ വേണ്ടത്. ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിലെ സർക്കാരുകളും ഇത്തരത്തിലുള്ള സമീപനമാണ് പിന്തുടരുന്നത്. മറ്റ് രാജ്യങ്ങൾ സാമ്പത്തികമായ ഉത്തേജനത്തിനായുള്ള ഇടപെടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സമാനമായ സമീപനമാണ് പിന്തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.