ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 35 വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം. പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് നടപടി. നിരോധിച്ച ഗ്രൂപ്പുകളെ കുറിച്ചോ അതിന്‍റെ അഡ്‌മിനുകള്‍ക്കെതിരെയുള്ള നടപടികളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അനിഷ്‌ട സംഭവങ്ങളുണ്ടായ ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രത്യേകിച്ചും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്ര നടപടി. വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്ന വിവരങ്ങളുടെ വസ്‌തുതകള്‍ പരിശോധിക്കാനായി 8799711259 എന്ന നമ്പറും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും പത്തോളം പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.