ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തിഹാര്‍ ജയിലില്‍ നിന്ന് പരോളില്‍ പുറത്തിറങ്ങിയ 3468 തടവുകാര്‍ തിരിച്ചെത്തിയില്ല. തടവുകാരെ കണ്ടെത്താന്‍ ഡല്‍ഹി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ജയില്‍ അധികൃതര്‍. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം രാജ്യമെമ്പാടുമുള്ള ജയിലുകളിലെ തടവുകാരെ പരോളിലും, ഇടക്കാല ജാമ്യത്തിലും വിട്ടയച്ചത്.
പരോളിലിറങ്ങിയ മൂവായിരത്തോളം തടവുകാര്‍ തിരിച്ചെത്തിയില്ല
തിഹാര്‍ ജയിലില്‍ നിന്ന് പരോളില്‍ പുറത്തിറങ്ങിയ 3468 തടവുകാര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസിനെ സമീപിച്ച് ജയില്‍ അധികൃതര്‍.
കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ തടവുകാരുള്ള ജയിലുകളില്‍ എണ്ണം കുറച്ച് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടിയായിട്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. പരോള്‍ അനുവദിക്കപ്പെട്ട മിക്ക തടവുകാരും എയിഡ്‌സ്, ടിബി, കാന്‍സര്‍, വൃക്ക തകരാര്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരായിരുന്നു.
ജയിലധികൃതര്‍ പൊലീസിന് നല്‍കിയ കണക്ക് പ്രകാരം ശിക്ഷാകാലാവധിയിലുള്ള 1184 പേര്‍ തിഹാര്‍,മണ്ഡോലി, രോഹിണി ജയിലുകളില്‍ നിന്ന് പരോളിലില്‍ ഇറങ്ങിയിട്ടുണ്ട്. എട്ടാഴ്‌ചത്തെ പരോളിലാണ് വിട്ടയച്ചത്. പിന്നീട് സമയം നീട്ടി. മാര്‍ച്ച് ആറിന് തിരിച്ചത്താനായിരുന്നു നിര്‍ദേശം. ഇതില്‍ 112 പേരെ കാണാതായിട്ടുണ്ട്. വിചാരണ പൂര്‍ത്തിയാകാത്ത 5556 പേരില്‍ 2200 പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.