ശ്രീനഗർ: ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2 മണിവരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഫെയ്‌സ് മാസ്‌കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എസ്‌ഒപികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഗാന്ധിനഗർ, ജമ്മു ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പോളിംഗ് ബൂത്തുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിൽ ജമ്മു കശ്‌മീരിൽ നിന്നുള്ള 17 മണ്ഡലങ്ങളുൾപ്പെടെ 34 ഡിഡിസി മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇത് കൂടാതെ ഒഴിവുള്ള 50 സർപഞ്ച് സീറ്റുകളിലേക്കും ഈ ഡിഡിസി നിയോജകമണ്ഡലങ്ങളിൽ വരുന്ന 216 ഒഴിഞ്ഞ പഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടത്തും. ഈ ഘട്ടത്തിൽ, ജമ്മു കശ്‌മീരിലെ മൊത്തം 280 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 34 എണ്ണമാണ് വോട്ടെടുപ്പിലേക്ക് പോകുന്നത്. കശ്‌മീർ ഡിവിഷനിലെ 17 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 48 വനിതകളടക്കം 138 സ്ഥാനാർത്ഥികളുണ്ട്. ജമ്മു ഡിവിഷനിൽ 17 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 34 വനിതകളടക്കം 111 പേർ മത്സരിക്കുന്നു.