ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് കൊവിഡ് കാരണം അനാഥരായ 32 കുട്ടികളെ കണ്ടെത്തി ബാലാവകാശ കമ്മിഷൻ. 10ലധികം കുട്ടികൾ അച്ഛനോ അല്ലെങ്കില്‍ അമ്മയ്ക്കോ ഒപ്പമാണ് താമസിക്കുന്നതെന്ന് ബാലാവകാശ കമ്മിഷൻ മേധാവി അനുരാഗ് കുണ്ടു പറഞ്ഞു. വൈറസിന്‍റെ രണ്ടാം തരംഗത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 16 കുട്ടികളെ തിരിച്ചറിഞ്ഞു. വൈദ്യസഹായം, റേഷൻ, കൗൺസിലിങ്, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ഉറപ്പാക്കുമെന്ന് ഡിസിപിസിആർ അംഗം രഞ്ജന പ്രസാദ് പറഞ്ഞു.
Also Read:കൊവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഡൽഹി സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം കുട്ടികൾക്ക് പ്രതിമാസം 2500 രൂപ നൽകാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. കൊവിഡ് കാരണം അനാഥരായി കഴിയുന്ന കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി കമ്മിഷൻ ഹെൽപ്പ് ലൈനും ആരംഭിച്ചു.
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അല്ലെങ്കിൽ മറ്റ് ദുരിതങ്ങൾ നേരിടുന്ന കുട്ടികളുടെ സംരക്ഷണത്തിനായി +91 9311551393 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇതുവരെ ഇത്തരത്തിൽ 2,200 കോളുകൾ വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം കുട്ടികളെ പറ്റി നിരവധി വാർത്തകൾ വന്നിരുന്നെന്നും അനുരാഗ് കുണ്ടു പറഞ്ഞു. ഇത് മറ്റുള്ളവരെ ഇത്തരം കുട്ടികളെ ദത്തെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.