ധൻബാദ് (ജാര്‍ഖണ്ഡ്):മദ്യപിച്ച് വാഹനമോടിക്കുന്നവർ മൂലമുണ്ടാകുന്ന റോഡപകടങ്ങൾക്ക് സവിശേഷമായ പരിഹാരം കണ്ടെത്തി ജാർഖണ്ഡിലെ ധൻബാദിലെ മൂന്ന് എഞ്ചിനീയർമാർ. കോൾ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഭാരത് കോക്കിങ് കോൾ ലിമിറ്റഡിൽ ജോലി ചെയ്യുന്ന എഞ്ചിനീയറായ അജിത് യാദവും സുഹൃത്തുക്കളായ മനീഷ്, സിദ്ധാർഥ് എന്നിവരും ചേർന്നാണ് സേഫ്റ്റി സിസ്റ്റം എഗെയിൻസ്റ്റ് ആൽക്കഹോൾ ഇൻ വെഹിക്കിൾ എന്ന ഉപകരണം രൂപകല്പ്പന ചെയ്‌തത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ അത്യാധുനിക സംവിധാനം വരുന്നു - സേഫ്റ്റി സിസ്റ്റം എഗെയിൻസ്റ്റ് ആൽക്കഹോൾ ഇൻ വെഹിക്കിൾ നിർമിച്ച് എഞ്ചിനീയർമാർ
എഞ്ചിനീയറായ അജിത് യാദവ്, മനീഷ്, സിദ്ധാർഥ് എന്നിവർ ചേർന്നാണ് ഉപകരണം നിർമിച്ചത്
ഏത് വാഹനത്തിന്‍റെയും ഡ്രൈവിങ് സീറ്റിന് മുന്നിൽ ഇത് സ്ഥാപിക്കാവുന്നതാണ്. ഈ ഉപകരണം ഡ്രൈവറുടെ ശ്വാസത്തിലൂടെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നു. തുടർന്ന് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയില്ല. മദ്യപിച്ച് വാഹനമോടിക്കുന്നയാൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് കാറിന്‍റെ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എഞ്ചിൻ യാന്ത്രികമായി നിലയ്ക്കുകയും ചെയ്യും.
വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ഉടൻ തന്നെ ഉൽപ്പന്നത്തിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എഞ്ചിനീയർമാർ പറഞ്ഞു. റോഡപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ രാജേഷ് കുമാർ സിങ് പറഞ്ഞു.