ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കാബൂളിലെ ഇന്ത്യന്‍ എംബസി. ഡാം പ്രൊജക്റ്റ് സൈറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന മൂന്ന് ഇന്ത്യൻ എഞ്ചിനീയർമാരെയാണ് രക്ഷപ്പെടുത്തിയത്. എയര്‍ മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് എംബസി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അഫ്‌ഗാനിസ്ഥാനിലുള്ള എല്ലാ ഇന്ത്യക്കാരും മാര്‍ഗ നിര്‍ദേശം കർശനമായി പാലിക്കണമെന്നും എംബസി പറഞ്ഞു.
ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണം
രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ജൂൺ 29, ജൂലൈ 24, ഓഗസ്റ്റ് 10 തീയതികളിൽ എംബസി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിൽ അക്രമങ്ങൾ വൻ തോതിൽ വർധിക്കുന്നതിനാൽ എല്ലാ ഇന്ത്യക്കാരും ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്ന് എംബസി നിര്‍ദേശം നല്‍കിയിരുന്നു.