ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ കട ഉടമയെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ (24), സോനു (25), രോഹിത്ത് ഗഹ്ലോട്ട് (33) എന്നിവരാണ് പിടിയിലായത്. ദ്വാരകയിലെ നജഫ്ഗ്രഹില്‍ മധുര പലഹാരങ്ങല്‍ വില്‍ക്കുന്ന കടയുടെ ഉടമ അശോക് മാലിക്കിന് നേരെ വെടിയുതിര്‍ത്ത കേസിലാണ് അറസ്റ്റ്.
ഡല്‍ഹി പൊലീസ് ജാജ്ജാര്‍ പൊലീസുമായി നടത്തിയ സംയുക്ത തിരച്ചിലിലാണ് പ്രതികളെ കണ്ടെത്തിയത്. ഒക്ടോബര്‍ 31നായിരുന്നു സംഭവം. കടയില്‍ എത്തിയ സംഘം നാല് തവണ വെടിയുതിര്‍ത്തിരുന്നു. രണ്ട് തവണ ഭീതിപരത്താനാണ് വെടിവച്ചത്. രണ്ട് തവണ കട ഉടമ അശോക് മാലിക്കിന് നേരെ വെടിവച്ചെങ്കിലും ശരീരത്തില്‍ കൊണ്ടില്ല. തിങ്കളാഴ്ചയാണ് ജജ്ജാർ പൊലീസ് അർജുനെയും സോനുവിനെയും പിടികൂടിയത്.
Also Read:'കള്ളക്കേസില്‍ കുടുക്കുന്നു' ; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനനുവദിക്കില്ലെന്ന് കെ സുധാകരന്‍
ജജ്ജാറിലെ ഗുരുകുൽ ആശ്രമത്തിലെ വിജയപാൽ ആചാര്യയാണ് സോനുവിനെ പൊലീസിന് കൈമാറിയത്. സംഭവശേഷം ഇയാള്‍ ആശ്രമത്തില്‍ അഭയം തേടിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ദ്വാരക) ശങ്കർ ചൗധരി പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന അര്‍ജുനും ഇവിടെ താമസിച്ചിരുന്നെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘത്തിലുണ്ടായിരുന്ന രോഹിത് ഗഹ്ലോട്ടിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അശോകിനെ ആക്രമിക്കുന്നതിനായി ഇയാള്‍ പ്രതികള്‍ക്ക് വാഹനവും പണവും തോക്കും നല്‍കിയിരുന്നു. പ്രദേശത്തെ കടകളില്‍ നിന്നും പണം പിരിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.