ന്യൂഡല്‍ഹി:കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ ആരോഗ്യരംഗം അതീവ സമ്മര്‍ദത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറ്റപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതികരണം.
കേസുകള്‍ പ്രതിദിനം ഇരട്ടിക്കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മെട്രോ നഗരങ്ങളില്‍ നിന്ന് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കും കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ഏപ്രിലില്‍ തുടങ്ങിയ പെട്ടെന്നുള്ള വ്യാപനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സാഹചര്യത്തിലേക്കെത്തിച്ചത്. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ്. ചത്തീസ്‌ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവുമധികം രോഗവ്യാപനമുള്ളത്. വ്യാപനത്തോതില്‍ നിലവിലുള്ള അതേ രീതിയില്‍ കുതിപ്പ് തുടര്‍ന്നാല്‍ രാജ്യത്തിന്‍റെ ആരോഗ്യരംഗം പൂര്‍ണ തകര്‍ച്ചയിലേക്ക് വീഴാനും സാധ്യതയുണ്ട്.
നിലവില്‍ ഏഴ് ദിവസം കൂടുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 10,000ത്തോളം വര്‍ധനവുണ്ടാകുന്ന സാഹചര്യമാണുള്ളത്. മാര്‍ച്ച് ആറിന് 100ല്‍ താഴെയായിരുന്നു പ്രതിദിന മരണനിരക്ക്. എന്നാലത് ഏപ്രില്‍ 30ന് 3,498 എന്ന അവസ്ഥയിലും. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവയടക്കം ആറ് സംസ്ഥാനങ്ങളിലാണ് മരണസംഖ്യയുടെ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, ഡല്‍ഹി, ചത്തീസ്‌ഗഡ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് 75 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൂടുതല്‍ വായനയ്ക്ക്:ജാഗ്രത കൈവിടരുത്, നാല് ലക്ഷത്തിനടുത്ത് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍
അതേസമയം കൊവിഡ് പ്രതിസന്ധി നേരിടാന്‍ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന നടപടികളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകുകയാണ്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇറക്കുമതി കൂട്ടാനാണ് പ്രധാനമായും ശ്രമിക്കുന്നത്. നിലവില്‍ സിംഗപ്പൂരില്‍ നിന്നും 200 മെട്രിക് ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. അബുദാബിയില്‍ നിന്നും 1,800 മെട്രിക് ടണ്ണും മറ്റിടങ്ങളില്‍ നിന്നായി 1,500 മെട്രിക് ടണ്‍ ഓക്സിജനും ഇറക്കുമതി ചെയ്യും. ഓക്സിജന്‍റെ വ്യാവസായിക ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ളവ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചും തുടങ്ങി.
കൂടുതല്‍ വായനയ്ക്ക്:കൊവിഡ് സഹായ പ്രവാഹം തുടരുന്നു; ആവശ്യങ്ങളേറെയെന്ന് ഇന്ത്യ