ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ചമോലിയിൽ നടന്ന പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. 171 പേരെ കാണാതായി. വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ 35ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി ഡിജിപി അശോക് കുമാർ അറിയിച്ചു. ഇന്ന് രാത്രി എട്ട് മണിവരെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തപോവനിലെ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഐടിബിപി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഉത്തരാഖണ്ഡ് പൊലീസ്, ജോഷിമത്തിലെ മറ്റ് ഏജൻസികൾ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ചമോലി ജില്ലയിലെ പ്രളയ ബാധിത മേഖലയില്‍ രക്ഷാപ്രര്‍ത്തനം തുടരുകയാണ്.
നദികളിലെ ജലനിരപ്പ് ഉയർന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും 20 കോടി അനുവദിക്കാൻ നിർദേശവുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രംഗത്തെത്തി. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി റാവത്ത് അവലോകനം നടത്തി.
ഞായറാഴ്‌ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ ദുരന്തം സംഭവിച്ചത്. പ്രളയത്തെത്തുടർന്ന് നദീതീരത്തെ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. അളകനന്ദ, ധൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. മുന്നറിയിപ്പിന് മുമ്പ് തന്നെ നദികളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയർന്നു. നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു.