ന്യൂഡല്‍ഹി : വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 25കാരന്‍ അറസ്റ്റില്‍. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് നടുക്കുന്ന സംഭവം. പ്രതിയായ മുഹമ്മദ് അസാൻ ഖാൻ മദ്യപനായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ സോണിയ (20) എന്ന കീർത്തിയെ വിവാഹം കഴിച്ചത്.
വെള്ളി, ശനി ദിവസങ്ങളിൽ ഭാര്യയുമായി തർക്കമുണ്ടായെന്നും ഇതില്‍ പ്രകോപിതനായാണ് കീര്‍ത്തിയുടെ വയറ്റിലും നെഞ്ചിലും പലതവണ കുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ബുരാരിയിലെ ഒരു വീട്ടിൽ മൃതദേഹമുള്ളതായി ശനിയാഴ്ച രാവിലെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീടിന്‍റെ താഴത്തെ നിലയില്‍ കീർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.