മുംബൈ: കൊവിഡ് വാക്‌സിനെടുത്തവരിലും വീണ്ടും കൊവിഡ് രോഗികൾ വർധിക്കുന്നു. മുംബൈയിൽ ആദ്യ ഡോസ് കൊവിഡ് വാക്‌സിനെടുത്ത 23,239 പേർക്കും രണ്ട് ഡോസും സ്വീകരിച്ച 9000 പേർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇത് മുംബൈ നിവാസികൾക്കിടയിൽ ചെറിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
23,239 പേർക്ക് വീണ്ടും കൊവിഡ്
മുംബൈ മുനിസിപ്പൽ കോർപറേഷനാണ് സർവെ നടത്തിയത്. മുബൈയിൽ 25.39 പേരാണ് പൂർണമായും കൊവിഡ് വാക്‌സിനേഷന് വിധേയമായത്. ഇതിൽ ആദ്യ ഡോസ് മാത്രം സ്വീകരിച്ച 23,239 പേരും രണ്ട് ഡോസ് സ്വീകരിച്ച 9,001 പേർക്കും വീണ്ടും കൊവിഡ് രോഗം സ്ഥിരീകരിച്ചു. 60 വയസിന് മുകളിൽ ഉള്ളവരിലാണ് വീണ്ടും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
0.35 ശതമാനം പൗരന്മാർക്ക് വീണ്ടും കൊവിഡ്
മുംബൈയിൽ വാക്‌സിനേഷന് വിധേയമായ ജനസംഖ്യയിൽ 0.35 ശതമാനം പേർക്കും വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായാണ് സർവെ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 1,00,000 പേരിൽ 350 പേർക്ക് വീണ്ടും കൊവിഡ് വന്നുവെന്ന് സാരം. വാക്‌സിനേഷന് വിധേയമാകുന്നതിൽ നിന്നും മടിക്കേണ്ടെന്നും വീണ്ടും രോഗം പിടിപെടാനുള്ള അവസരം വളരെ കുറവാണെന്നും മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കി.
മുംബൈയിൽ 1,05,96,413 പേർ വാക്‌സിൻ സ്വീകരിച്ചു
ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷൻ ഡ്രൈവിലൂടെ ഇതുവരെ ഒരു കോടിയിലധികം പേരാണ് മുംബൈയിൽ വാക്‌സിനേഷൻ സ്വീകരിച്ചത്. ഇതിൽ 74,64,139 പേർ ആദ്യ ഡോസിനും 31,32,274 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം
വാക്‌സിൻ സ്വീകരിച്ചാൽ കൊവിഡ് വരില്ലെന്ന ധാരണ തെറ്റാണെന്ന് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പറയുന്നു. കൊവിഡിനെ മറികടക്കണമെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്നതുൾപ്പടെയുള്ളവ തുടരണമെന്ന് മുംബൈ മുനിസിപ്പൽ കോർപറേഷൻ അഡീഷണൽ കമ്മിഷണർ സുരേഷ് കക്കാനി വ്യക്തമാക്കി.