ന്യൂഡൽഹി: അടുത്ത അഞ്ച് മാസത്തിനുള്ളിൽ രാജ്യത്ത് രണ്ടു ബില്ല്യണിൽ അധികം വാക്‌സിനുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ നൽകുന്നതിന് ഓഗസ്റ്റ് -ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചു. റഷ്യൻ നിർമിത കൊവിഡ് വാക്‌സിൻ സ്പുട്നിക്ക് വി അടുത്ത ആഴ്‌ചയോടെ രാജ്യത്ത് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നീതി ആയോഗിലെ പൊതു ആരോഗ്യ വിദഗ്‌ദൻ വികെ പോൾ അറിയിച്ചു.
വാക്‌സിൻ അനിവാര്യം , പക്ഷെ സമയം എടുക്കും
നിലവിൽ രാജ്യത്തെ വാക്‌സിൻ ക്ഷാമം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും വാക്‌സിൻ വാങ്ങുന്നതിന് ആഗോള ടെൻഡർ വിളിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിൻ ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച വികെ പോൾ, നമ്മൾ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്നും പറഞ്ഞു. വാക്‌സിൻ അനിവാര്യമാണ്. പക്ഷെ സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു. രാജ്യത്തെ വാക്‌സിൻ ക്ഷാമം കണക്കിലെടുത്താണ് മുൻഗണന നിശ്ചയിച്ചതും അവശ വിഭാഗങ്ങൾക്ക് സൗജന്യമായി നൽകുന്നതും. ഈ വർഷം അവസാനത്തോടെ രാജ്യത്തെ വാക്‌സിൻ ക്ഷാമം പൂർണമായും അവസാനിക്കും. അടുത്ത വർഷത്തിന്‍റെ പകുതിയിൽ രാജ്യം മൂന്ന് ബില്ല്യണ്‍ വാക്‌സിൻ ലഭ്യമാക്കുമെന്നും വികെ പോൾ അറിയിച്ചു.
ഈ വർഷം അവസാനത്തോടെ 216 കോടി വാക്‌സിനുകൾ
ഓഗസ്റ്റ് - ഡിസംബർ മാസത്തിൽ 216 കോടി വാക്‌സിനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിൽ 75 കോടി കൊവിഷീൽഡും 55 കോടി കൊവാക്‌സിനും ഉൾപ്പെടും. ഭാരത് ബയോടെക്കിന്‍റെ മൂക്കിലൂടെ ഒഴിക്കാവുന്ന 10 കോടി വാക്‌സിൻ, സ്പുട്‌നിക്കിന്‍റെ 15.6 കോടി വാക്‌സിൻ, ബയോളജിക്കൽ ഇയുടെ 30 കോടി വാക്‌സിൻ, സൈഡസ് കാഡിലയുടെ 5 കോടി ഡോസ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന 20 കോടി നൊവാവാക്‌സിൻ, ജെനോവയുടെ ആറുകോടി വാക്‌സിൻ എന്നിവയും ഈ 216 കോടി വാക്‌സിൻ ഡോസുകളിൽ ഉൾപ്പെടും.