കേരളം

kerala

ETV Bharat / bharat

യുക്രൈനിലെ മൈക്കോളൈവ് തുറമുഖത്ത് കുടുങ്ങി 21 ഇന്ത്യൻ നാവികർ - എംവി മാരിടൈം സിഇഒ സഞ്ജയ് പ്രഷാർ

കപ്പലിനുള്ളിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും തങ്ങളുടെ കുടുംബങ്ങളുമായും കപ്പൽ നിർവഹണ ഏജൻസിയുമായും നിരന്തരം സമ്പർക്കം പുലർത്തുകയാണെന്നും എംവി മാരിടൈം ഏജൻസി

21 ഇന്ത്യൻ നാവികർ യുക്രൈനിലെ മൈക്കോളൈവ് തുറമുഖത്ത് കുടുങ്ങി; സുരക്ഷിതരെന്ന് കപ്പൽ ഏജൻസി
21 ഇന്ത്യൻ നാവികർ യുക്രൈനിലെ മൈക്കോളൈവ് തുറമുഖത്ത് കുടുങ്ങി; സുരക്ഷിതരെന്ന് കപ്പൽ ഏജൻസി

By

Published : Mar 5, 2022, 8:50 PM IST

മുംബൈ :യുദ്ധഭൂമിയായ യുക്രൈനിലെ മൈക്കോളൈവ് തുറമുഖത്ത് ചരക്കുകപ്പലിൽ 21 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. നിലവിൽ കപ്പലിനുള്ളിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും തങ്ങളുടെ കുടുംബങ്ങളുമായും കപ്പൽ നിർവഹണ ഏജൻസിയായ 'എംവി മാരിടൈമു'മായും നിരന്തരം സമ്പർക്കം പുലർത്തുകയാണെന്നും ഏജൻസി സ്ഥാപകനും സിഇഒയുമായ സഞ്ജയ് പ്രഷാർ അറിയിച്ചു. എംവി മാരിടൈം ഏജൻസിയുടേതിന് പുറമേ മറ്റ് 24 കപ്പലുകളും തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ടെന്നും ഇവയിലും നിരവധി ഇന്ത്യൻ നാവികരുണ്ടെന്നും പ്രഷാർ കൂട്ടിച്ചേർത്തു.

നിലവിൽ ഏജൻസി പ്രദേശത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, സെക്‌ടർ റെഗുലേറ്റർ ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങ് എന്നിവയുൾപ്പടെ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും വിവരങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച കഴിഞ്ഞ മാസം മുതൽ തുറമുഖത്ത് അകപ്പെട്ട ജീവനക്കാർ ഈ ദിവസങ്ങളിലെല്ലാം കപ്പലിൽ തന്നെ കഴിഞ്ഞുവരികയാണ്. കപ്പലിൽ കർശനമായ ജാഗ്രതയും പാലിക്കുന്നുണ്ട്. നിലവിൽ മൈക്കോളൈവിൽ നിലയുറപ്പിച്ചിട്ടുള്ള തങ്ങളുടെ കപ്പൽ ഉൾപ്പടെ ആകെ 25 എണ്ണം തുറമുഖത്തുണ്ട്. ഇവയിലും ഇന്ത്യൻ നാവികർ ഉണ്ട്. തങ്ങളുടെ കപ്പലിലെ ജീവനക്കാർ നിലവിൽ സുരക്ഷിതരാണ്. ഇന്‍റർനെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും ഓൺബോർഡിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രഷാർ പറഞ്ഞു.

ALSO READ:യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

അതേസമയം ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റഷ്യൻ സേന കരിങ്കടൽ തീരത്ത് തുറമുഖത്തിന് വളരെ അടുത്തായിരിക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. തുറമുഖത്തെത്തുന്ന റഷ്യൻ സേന കപ്പലുകളെ പോകാൻ അനുവദിക്കുകയാണെങ്കിൽ കുഴപ്പമുണ്ടാകില്ല. മറിച്ചാണെങ്കിൽ, നാവികരെ സുരക്ഷിതമായി എത്തിക്കുന്നതിന് ടഗ് ബോട്ടുകളും മറ്റ് സേവനങ്ങളും ഉൾപ്പടെ തുറമുഖ അതോറിറ്റിയിൽ നിന്ന് സഹായം വേണ്ടി വരുമെന്നും സഞ്ജയ് പ്രഷാർ ഓർമിപ്പിച്ചു.

ഏറ്റവും അടുത്തുള്ള പോളണ്ട് അതിർത്തി 900 കിലോമീറ്റർ അകലെയാണ്. കൂടാതെ കീവിലെ ഏതെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് പോകണമെങ്കിൽ തുറമുഖ നഗരത്തിൽ നിന്ന് 500 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഈ രണ്ട് സ്ഥലങ്ങളിലും സാധ്യമല്ല. അതിനാൽ ജീവനക്കാർ കപ്പലിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം വിശദമാക്കി.

ABOUT THE AUTHOR

...view details