ബെംഗളുരു: 21 ഏക്കർ തരിശു ഭൂമിയെ വനമാക്കി മാറ്റി സംരംഭകൻ സുരേഷ് കുമാർ. സാഗറിലെ ശിവമൊഗ്ഗയിലെ ഭൂമിയാണ് സുരേഷ് കുമാർ മരങ്ങൾ വച്ചുപിടിപ്പിച്ച് വനമാക്കി മാറ്റിയത്. പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനായ അഖിലേഷ് ചിപ്ലിയുടെ സഹായത്തോടെയാണ് ഉഷ വനത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. പ്രഭാത സൂര്യ കിരണമെന്നാണ് ഉഷ കിരൺ എന്ന വാക്കിനർഥം. ഹരിത സംരംഭ മോഡലായാണ് ഉഷ വനത്തെ വികസിപ്പിച്ചെടുത്തത്.
പത്ത് വർഷം മുമ്പ് ഈ ഭൂമി മരുഭൂമി പോലെയായിരുന്നു.യൂക്കാലിപ്‌റ്റിക്‌സ് വളർത്താൻ ഭൂമിയുടമ പദ്ധതിയിട്ടിരുന്നുവെങ്കിലും സുരേഷ് കുമാർ ഭൂമി വാങ്ങി വനമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പശ്ചിമഘട്ടത്തിലെ വിവിധ സസ്യങ്ങള്‍ ഉൾക്കൊള്ളുന്ന വനപ്രദേശമാണ് ഉഷ വനം. നിരവധി പക്ഷി നിരീക്ഷകരും പ്രതിദിനം പ്രദേശത്തേക്ക് എത്തുന്നുണ്ട്.