ന്യൂഡൽഹി:2022 ല്‍ പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോർ പാർട്ടി നേതാക്കളുമായി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അംഗത്വം, പരിശീലനം, പ്രക്ഷോഭ പരിപാടികൾ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ എന്നിവ ചൊവ്വാഴ്ച നടക്കുന്ന യോഗം ചർച്ച ചെയ്യും.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും സംസ്ഥാന ഭാരവാഹികളുമാണ് ഒക്ടോബര്‍ 26 ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. ഒക്ടോബർ 16ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അടുത്ത വർഷം സംഘടന തെരഞ്ഞെടുപ്പ് നടത്താനും നവംബർ ഒന്നുമുതൽ അംഗത്വ ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. 2022 സെപ്റ്റംബർ ആറിന് സംഘടന തെരഞ്ഞെടുപ്പ് നടത്തും.