ന്യൂഡൽഹി : സുകേഷ് ചന്ദ്രശേഖറുള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി ജാക്വലിന്‍ ഫെർണാണ്ടസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു (Jacqueline Fernandez money laundering ED Case). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച എഫ്‌ഐആറും അനുബന്ധ കുറ്റപത്രവും റദ്ദാക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്. ജാക്വലിന്‍ ഫെർണാണ്ടസ് ശ്രീലങ്കൻ പൗരയാണ്.
2009 മുതലാണ് ഇവർ ഇന്ത്യയിൽ താമസിക്കാൻ തുടങ്ങിയത്. ബോളിവുഡ് സിനിമാരംഗത്ത് നല്ല പേരും പ്രശസ്‌തിയുമുള്ള താരം സുകേഷ് ചന്ദ്രശേഖറിന്‍റെ ദുരുദ്ദേശ്യപരമായ ആക്രമണത്തിന് ഇരയായ നിരപരാധിയാണ് താനെന്നാണ് വാദിക്കുന്നത്. അയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് വെളുപ്പിക്കാൻ സഹായിച്ചതിൽ തനിക്ക് പങ്കില്ല. അതിനാൽ, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 3, 4 പ്രകാരമുള്ള കുറ്റങ്ങൾക്ക് തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. കുറ്റാരോപിതനായ ഹർജിക്കാരനെ പരാതിയിൽ പ്രതിയാക്കുമ്പോൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പക്ഷപാതപരമായാണ് പെരുമാറിയതെന്നും ജാക്വലിൻ പറഞ്ഞു.
നടി നോറ ഫത്തേഹിയുടെ നിർദ്ദേശപ്രകാരം സുകേഷ് ചന്ദ്രശേഖറിൽ നിന്ന് കുടുംബാംഗത്തിന് ബിഎംഡബ്ല്യു കാർ ലഭിച്ചുവെന്നത് നടി രേഖയിൽ സമ്മതിച്ചിട്ടും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അതിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുകേഷ് ചന്ദ്രശേഖറിൽ നിന്ന് നോറ ഫത്തേഹിക്ക് സമ്മാനം ലഭിച്ച വിവരം 'ഡിസിപ്പേഷൻ ഓഫ് ക്രൈം' എന്ന തലക്കെട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും, ഇഡി ഒരേസമയം ചൂടിലും തണുപ്പിലും നിൽക്കുകയാണെന്നും താരം പറഞ്ഞു.