ന്യൂഡല്‍ഹി: കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേയും. കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കായി 4000 കൊവിഡ് കെയർ കോച്ചുകൾ നിർമിച്ചതായി റെയിൽവേ അറിയിച്ചു. 4000 കോച്ചുകളിലായി 64,000 ബെഡ് സൗകര്യമാണ് റെയിൽവെ ഒരുക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്‌ക്കായി വിവിധ സംസ്ഥാനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ 169 കോച്ചുകൾ വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി റെയിൽവെ വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ട എണ്ണത്തനിനുസരിച്ച് കോച്ചുകൾ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.
കൊവിഡ് അതിജീവനത്തിന് കൈത്താങ്ങായി റെയില്‍വെ
ഒന്നാം കൊവിഡ് തരംഗത്തിലും റെയിൽവേ കൊവിഡ് കോച്ചുകൾ സജ്ജീകരിച്ചിരുന്നു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രാഥമികമായ കൊവിഡ് കെയർ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ നാഗ്പൂര്‍, ഭോപാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് നല്‍കേണ്ട കൊവിഡ് കെയര്‍ കോച്ചുകള്‍ റെയില്‍വെ സമാഹരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതിനു പിന്നാലെ രാജ്യത്തെ ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റെയില്‍വെയുടെ കരുതല്‍ കോവിഡ് പ്രതിരോധത്തില്‍ തീര്‍ച്ചയായും ഒരു കൈത്താങ്ങാണ്. നേരത്തെ ഒന്നാം കൊവിഡ് തരംഗത്തിലും റെയിൽവേ കൊവിഡ് കോച്ചുകൾ സജ്ജീകരിച്ചിരുന്നു. രണ്ടാം തരംഗത്തിൽ ഓക്‌സിജൻ വിവിധയിടങ്ങളിൽ എത്തിക്കുന്നതിനും റെയിൽവേ സഹായവുമായി എത്തിയിരുന്നു.