സമസ്‌തിപൂർ (ബിഹാർ):പിതാവും അമ്മാവനും ശാരീരികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത് 15കാരി. പണം വാങ്ങി തന്നെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചതായും കുട്ടി പറഞ്ഞു. ബിഹാര്‍ സമസ്‌തിപൂരിലെ സിംഘിയയിലാണ് സംഭവം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് ഇടപെട്ട് കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. സംഭവമുമായി ബന്ധപ്പെട്ട് കുട്ടി നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കുടുംബം പണം നല്‍കി പൊലീസിനെ സ്വാധീനിക്കുകയായിരുന്നു.
ലോക്കല്‍ പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതിനാലാണ് ഇത്തരത്തില്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതെന്ന് 15കാരി പറഞ്ഞു. അമ്മയും അച്ഛനും അമ്മാവനും ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്, ഹസൻപൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എന്നിവര്‍ മാതാപിതാക്കള്‍ക്ക് പണം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും കുട്ടി വീഡിയോയില്‍ പറയുന്നു. ദിവസവും 25 ആളുകള്‍ വരെ ഇത്തരത്തില്‍ പീഡിപ്പിക്കാറുണ്ടെന്നും മര്‍ദനത്തിന് ഇരയായ കുട്ടി പറഞ്ഞു. വീഡിയോ ചര്‍ച്ചയായതോടെ വനിത പൊലീസ് മേധാവി പുഷ്‌പലത പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
സംഭവത്തിൽ എസ്‌പി ഹൃദയകാന്ത് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്‌തുവെന്നും കുട്ടിയെ പീഡനത്തിന് ഇരയാക്കിയവരെ ശിക്ഷിക്കുമെന്നും എസ്‌ഡിപിഒ ഷഹ്രിയാർ അക്തർ പറഞ്ഞു.