ജിൻഡ്: ഹരിയാനയിലെ ജിൻഡ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർഥികളെ പ്രിൻസിപ്പാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. 142 പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. ആറ് വർഷത്തിനിടെ സ്‌കൂളിലെ പല വിദ്യാർഥികളെയും ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം.
സംഭവത്തിൽ പ്രതിയായ പ്രിൻസിപ്പാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പരാതിയുമായി രംഗത്തെത്തിയ 142 പെൺകുട്ടികളിൽ ഭൂരിഭാഗം പേരും പീഡനത്തിനിരയായവരും ബാക്കിയുള്ളവർ ഈ കുറ്റകൃത്യത്തിന് സാക്ഷികളാണെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 31ന് 15ഓളം പെൺകുട്ടികൾ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ദേശീയ വനിത കമ്മിഷൻ, സംസ്ഥാന വനിത കമ്മിഷൻ എന്നിവർക്ക് കത്തയച്ചിരുന്നു.
ആദ്യം പരാതിയുമായി എത്തിയത് 60 കുട്ടികൾ: സെപ്‌റ്റംബർ 14ന് ഹരിയാന വനിത കമ്മിഷൻ ഈ കത്ത് ജിൻഡ് പൊലീസിന് കൈമാറുകയും നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തു. എന്നാൽ, ഒക്‌ടോബർ 30നാണ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. സംഭവത്തിൽ പൊലീസിനെതിരെ പരാതിക്കാർ രംഗത്തെത്തി. വിഷയത്തിൽ പൊലീസ് അപാകത കാണിച്ചെന്നും അതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം ഉണ്ടായതെന്നുമായിരുന്നു ആക്ഷേപം.
തുടർന്ന്, നവംബർ 4ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും നവംബർ 7ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്‌തു. സർക്കാർ സ്‌കൂളിലെ 60 പെൺകുട്ടികളാണ് ആദ്യം പ്രിൻസിപ്പാളിനെതിരെ മൊഴി രേഖപ്പെടുത്താൻ എത്തിയതെന്ന് സംസ്ഥാന വനിത കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് 82 പേർ കൂടി സമാനമായ പരാതി ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.