ഗുരുഗ്രാം (ഹരിയാന) : 14കാരിയെ വീട്ടുജോലിക്ക് നിർത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്‌ത ദമ്പതികൾ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളായ മനീഷ് ഖട്ടാർ, ഭാര്യ കമൽജിത് കൗർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മാധ്യമപ്രവർത്തകയും ഡോക്യുമെന്‍ററി സംവിധായികയുമായ ദീപിക നാരായൺ ഭരദ്വാജാണ് പെൺകുട്ടിക്ക് നേരെയുള്ള പീഡനം വെളിച്ചത്തുകൊണ്ടുവന്നത്. ക്രൂരമർദനത്തിനിരയായ പെണ്‍കുട്ടി നിലവിൽ ചികിത്സയിലാണ്.
തങ്ങളുടെ മൂന്നര വയസുള്ള കുഞ്ഞിനെ പരിചരിക്കുന്നതിനും, വീട്ടുജോലികൾ ചെയ്യുന്നതിനുമായാണ് ജാർഖണ്ഡ് സ്വദേശിയായ 14 കാരിയെ ദമ്പതികൾ ജോലിക്ക് നിയമിച്ചത്. എന്നാൽ ജോലികൾ ശരിയായി ചെയ്യുന്നില്ലെന്ന് കാട്ടി ഇവർ കൂട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പൊലീസെത്തി മോചിപ്പിക്കുമ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി.
അവളുടെ ദയനീയാവസ്ഥ ദീപിക നാരായൺ ഭരദ്വാജ് ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. ക്രൂരമായ മർദനങ്ങളിൽ പരിക്കേറ്റ പെണ്‍കുട്ടിയുടെ ചിത്രങ്ങൾ സഹിതമായിരുന്നു ട്വീറ്റ്. ചില ദിവസങ്ങളിൽ പെണ്‍കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകാറില്ലെന്നും ചവറ്റുകുട്ടയിൽ നിന്ന് പോലും ഭക്ഷണം കഴിക്കേണ്ടി വന്നതായും ദീപിക ട്വീറ്റ് ചെയ്‌തിരുന്നു.