ന്യൂഡൽഹി : കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കും പൗരന്മാർക്കുമെതിരായ നിർബന്ധിത ക്രിമിനൽ നടപടികളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി കോണ്‍ഗ്രസ് ഉൾപ്പടെയുള്ള 14 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ. സംയുക്‌തമായാണ് പ്രതിപക്ഷ പാർട്ടികൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി അടുത്ത മാസം അഞ്ചിന് പരിഗണിക്കും.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, ടിഎംസി, എഎപി, എൻസിപി, ശിവസേന, ജെഎംഎം, ജെഡിയു, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ജമ്മു കശ്‌മീർ നാഷണൽ കോണ്‍ഫറൻസ് എന്നീ പാർട്ടികളാണ് ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചത്.
രാഷ്ട്രീയ വിയോജിപ്പുകളെ പൂർണമായും തകർക്കാൻ ലക്ഷ്യമിട്ട് സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ആയുധമാക്കുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. 2013-2014 കാലയളവിൽ ഇഡി രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം അപേക്ഷിച്ച് 2019 ആയപ്പോഴേക്കും കേസുകൾ കുത്തനെ ഉയർന്നു.
2019-ൽ നിന്ന് 2020-21 കാലയളവെത്തിയപ്പോൾ കേസുകളുടെ എണ്ണം 981ആയി. എന്നാൽ 2021-22 ആയപ്പോഴേക്കും കേസുകൾ 1180 ആയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത്രയൊക്കെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) വെറും 23 ശിക്ഷാവിധികൾ മാത്രമേ നടപ്പിലാക്കിയിട്ടുള്ളുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2004-14 കാലഘട്ടത്തിൽ സിബിഐ അന്വേഷിച്ച കേസുകളിലെ 72 രാഷ്ട്രീയ നേതാക്കളിൽ 43 പേർ (60% ൽ താഴെ) പ്രതിപക്ഷത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ അതേ കണക്ക് 95 ശതമാനമായി ഉയർന്നുവെന്നും ഹർജിയിൽ പറയുന്നു. ഇഡിയുടെ അന്വേഷണത്തിലും ഇതേ രീതിയാണ് പ്രതിഫലിക്കുന്നത്. 2014ന് മുൻപ് പ്രതിപക്ഷ നേതാക്കളുടെ അനുപാതം 54 ശതമാനമായിരുന്നെങ്കിൽ 2014ശേഷം അത് 95 ശതമാനമാണ്.