ന്യൂഡൽഹി : രാജ്യത്തെ 29 വന്ദേ ഭാരത് ട്രെയിനുകൾ അതിവേഗം വൃത്തിയാക്കുന്നതിനുള്ള '14 മിനിറ്റ് ഓഫ് മിറാക്കിൾ' എന്ന ആശയം ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്നു (14 Minutes of Miracle to speed up cleaning of Vande Bharat trains). ഡൽഹി കാന്‍റ് റെയിൽവേ സ്റ്റേഷനിൽ പദ്ധതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ കൃത്യനിഷ്‌ഠതയും സമയക്രമവും മെച്ചപ്പെടുത്തുന്നതിനായി 14 മിനിറ്റിനുള്ളിൽ വൃത്തിയാക്കുന്ന പദ്ധതിയാണിതെന്ന് വൈഷ്‌ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു (Vande Bharat improves timing of trains).
ഇത് സവിശേഷമായ ഒരു സങ്കൽപ്പമാണെന്നും ഇന്ത്യൻ റെയിൽവേയിൽ ആദ്യമായാണ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജപ്പാനിലെ ഒസാക്ക, ടോക്കിയോ തുടങ്ങിയ സ്റ്റേഷനുകളിൽ ബുള്ളറ്റ് ട്രെയിനുകൾ ഏഴ് മിനിറ്റിനുള്ളിൽ വൃത്തിയാക്കി മറ്റൊരു യാത്രയ്ക്ക് തയാറെടുക്കുന്ന '7 മിനിറ്റ്സ് ഓഫ് മിറാക്കിള്‍' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം. തൊഴിലില്‍ ഏർപ്പെട്ടിരിക്കുന്ന മുൻനിര തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാതെ ശുചീകരണ തൊഴിലാളികളുടെ കാര്യക്ഷമതയും വൈദഗ്ധ്യവും പ്രവർത്തന മനോഭാവവും വർധിപ്പിച്ചാണ് സേവനം സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ALSO READ:രാജ്യത്തിന് 9 വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ കൂടി ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു
ഡൽഹി കാന്‍റിന് പുറമെ വന്ദേ ഭാരത് ട്രെയിനുകളുടെ എത്തിച്ചേരുന്ന സമയത്തെ ആസ്‌പദമാക്കി വാരണാസി, ഗാന്ധിനഗർ, മൈസൂർ, നാഗ്‌പൂർ എന്നിവിടങ്ങളാണ് പദ്ധതി ആരംഭിക്കുന്ന മറ്റ് റെയിൽവേ സ്റ്റേഷനുകൾ. ഈ ആശയം അവതരിപ്പിക്കുന്നതിന് മുമ്പ് റെയിൽവേ രണ്ട് ഡ്രൈ-റൺ നടത്തി. ആദ്യത്തേതില്‍ തൊഴിലാളികള്‍ ഏകദേശം 28 മിനിറ്റിനുള്ളിൽ ട്രെയിൻ വൃത്തിയാക്കുകയും പിന്നീട് അത് 18 മിനിറ്റായി മെച്ചപ്പെടുത്തുകയും ചെയ്‌തു. ഇപ്പോൾ പുതിയ സാങ്കേതിക വിദ്യയൊന്നും ഉൾപ്പെടുത്താതെ തന്നെ 14 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
വന്ദേ ഭാരതിൽ നിന്ന് തുടങ്ങി മറ്റ് ട്രെയിനുകളിലും ക്രമേണ ഇത്തരത്തിലുള്ള സംവിധാനവും ആശയവും പ്രയോഗിക്കുന്നതായിരിക്കുമെന്നും ഇത് സമയനിഷ്‌ഠത മെച്ചപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. സെപ്‌റ്റംബറിൽ ഇന്ത്യൻ റെയിൽവേ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന ശുചിത്വ ഡ്രൈവ് സ്വച്ഛത-ഹി-സേവ (Swachhata Drive Swachhata-Hi-Seva) കാമ്പയിൻ ആരംഭിച്ചിരുന്നു അതിൽ ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ നിന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയും വീഡിയോ കോൺഫറൻസിങ് വഴി റെയിൽവേ ഉദ്യോഗസ്ഥർക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെയിൽവേയുടെ കണക്കനുസരിച്ച് എസ്എച്ച്എസ് കാമ്പെയ്‌നിന്‍റെ ആദ്യ 15 ദിവസങ്ങളിൽ 2.19 ലക്ഷത്തിലധികം ആളുകൾ 685,883 മണിക്കൂറില്‍ 2,050 പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ALSO READ:രണ്ടാം വന്ദേഭാരത് ഫ്ലാഗ് ഓഫ്: സംസാരിക്കാൻ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി എൻ.എ നെല്ലിക്കുന്ന്