കാഠ്‌മണ്ഡു:ഗോർഖയിലെ ബാർപാക് ഗ്രാമത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് കൊവിഡ് രോഗികൾ ഉൾപ്പെടെ മരിച്ചത് 13പേർ. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ മറ്റ് മരണപ്പെട്ടവരിലും ഉണ്ടെന്നാണ് റിപ്പോർട്ട്. ബാർപാക്കിലേക്ക് ഡോക്‌ടർമാരുടെ ടീമുകളെ ആവശ്യമായ ഉപകരണങ്ങളും മരുന്നുകളുമായി അയച്ചിട്ടുണ്ടെന്ന് ഗന്ധകി ആരോഗ്യ ഡയറക്‌ടറേറ്റ് ഡയറക്‌ടർ ഡോ. ബിനോദ്ബിന്ദു ശർമ്മ അറിയിച്ചു.
പ്രദേശത്തെ ഒന്ന്, രണ്ട് വാർഡുകളിലെ ആളുകളുടെ അസാധാരണ മരണത്തെക്കുറിച്ച് സുലിക്കോട്ട് റൂറൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അറിയിച്ചതിനെത്തുടർന്നാണ് ഡോക്‌ടർമാർ, നഴ്‌സുമാർ, ലബോറട്ടറി ടെക്‌നീഷ്യന്മാർ തുടങ്ങിയവരുടെ ടീമുകളെ ഗ്രാമത്തിലേക്ക് വിന്യസിച്ചതെന്നും ഡോക്‌ടർ പറഞ്ഞു. കമ്മ്യൂണിറ്റി ലെവൽ കൊവിഡ് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നറിയാൻ പ്രവിശ്യയിലുടനീളമുള്ള കമ്മ്യൂണിറ്റികളോടും ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടു. ഇതിനായി ടോൾ ഫ്രീ നമ്പറായ 1092 ലേക്ക് വിളിക്കാനും ആളുകളോട് നിർദേശിച്ചിട്ടുണ്ട്.