മുംബൈ: നിയമസഭ സമ്മേളനത്തിനിടെ സ്‌പീക്കറെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് 12 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്‌തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇക്കാലയളവില്‍ മുംബൈയിലേയും നാഗ്‌പൂരിലേയും സഭ മന്ദിരത്തില്‍ പ്രവേശിയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു.
എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം സംസ്ഥാന പാര്‍ലമെന്‍ററികാര്യ മന്ത്രി അനില്‍ പരാബാണ് അവതരിപ്പിച്ചത്. ശബ്‌ദ വോട്ടിനിട്ടാണ് പ്രമേയം പാസാക്കിയത്.
സ്‌പീക്കറുടെ ആരോപണം
നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സംസാരിയ്ക്കാന്‍ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചിരുന്നു.
Also read: നിയമസഭ കയ്യാങ്കളിക്കേസ്: പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി
തുടര്‍ന്ന് നാല് തവണയാണ് സഭ നിര്‍ത്തിവച്ചത്. ഇതിനിടെ, സ്‌പീക്കറുടെ ചേംബറിലെത്തി ബിജെപി എംഎല്‍മാര്‍ ഭാസ്കര്‍ യാദവിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം. ചില എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തെന്നും സ്‌പീക്കര്‍ പറഞ്ഞിരുന്നു.
ബിജെപിയുടെ വാദം
അതേസമയം, സ്‌പീക്കറുടെ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തി. പാര്‍ട്ടി അംഗങ്ങള്‍ സ്‌പീക്കറെ കയ്യേറ്റം ചെയ്‌തിട്ടില്ലെന്നും ശിവസേന എംഎല്‍എമാരാണ് മോശം വാക്കുകള്‍ ഉപയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.
സഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമാണെന്നും ഒബിസി സംവരണവുമായി ബന്ധപ്പെട്ട് ഇതില്‍ കൂടുതല്‍ എംഎല്‍എമാരെ ത്യജിയ്ക്കാന്‍ തയ്യാറാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാക്കള്‍ സ്‌പീക്കറെ അധിക്ഷേപിച്ചെന്ന ആരോപണം എന്‍സിപി നേതാവ് നവാബ് മാലിക്കാണ് ആദ്യം ഉന്നയിച്ചത്. സ്‌പീക്കറുടെ ചേംബറില്‍ ബിജെപി എംഎല്‍എമാര്‍ കൂട്ടംകൂടുന്നതിന്‍റെ ദൃശ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.