ചെന്നൈ:തമിഴ്‌നാട്ടിൽ സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ അധ്യാപകരിലും വിദ്യാർഥികളും കൊവിഡ് വ്യാപിക്കുന്നത് ആശങ്ക ഉയർത്തുന്നു. സെപ്‌റ്റംബർ ഒന്നിനാണ് സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് അടച്ച സ്‌കൂളുകൾ വീണ്ടും തുറന്നത്. ബുധനാഴ്‌ച 34 വിദ്യാർഥികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് സ്ഥിരീകരിച്ച വിദ്യാർഥികളുടെ എണ്ണം 117 ആയി. തമിഴ്‌നാട്ടിൽ ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസുകൾ ആരംഭിച്ചത്.
കൊവിഡ് വ്യാപനം തടയാനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് അവശ്യ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൻ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി. വിശകലന യോഗത്തിന് ശേഷം മാത്രമേ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ തുറക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സെപ്‌റ്റംബർ 30നാണ് വിശകലനയോഗം ചേരുന്നത്.