റാമോജി ഫിലിം സിറ്റിയില്‍ 110 ഇയേഴ്‌സ് ഓഫ് ഇന്ത്യന്‍ സിനിമ ഫെസ്റ്റിവല്‍ ഹൈദരാബാദ് : ഇന്ത്യന്‍ സിനിമ 110 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആഘോഷങ്ങള്‍. '110 ഇയേഴ്‌സ് ഓഫ് ഇന്ത്യന്‍ സിനിമ ഫെസ്റ്റിവല്‍' എന്ന പേരില്‍ ഒക്‌ടോബര്‍ 12ന് ആരംഭിച്ച ആഘോഷപരിപാടികള്‍ 46 ദിവസമാണ് നീണ്ടുനില്‍ക്കുക (110 Years Indian Cinema Festival at Ramoji Film City). സിനിമാറ്റിക് എന്‍റര്‍ടെയ്‌ന്‍മെന്‍റും കാര്‍ണിവല്‍ പരേഡുകളും പ്രധാന സവിശേഷതകളാണ്.
ഈ ആഘോഷവേളയില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് റാമോജി ഫിലിം സിറ്റി നടത്തിയിരിക്കുന്നത്. വര്‍ണാഭമായ ലൈറ്റുകളും വിവിധ ഗെയിമുകളും ഒരുക്കി സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം നല്‍കുകയാണ് ആര്‍എഫ്‌സി.
വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും അതുല്യമായ വിനോദോപാധികളും മറ്റ് സര്‍പ്രൈസുകളും ആസ്വാദകര്‍ക്ക് നവ്യാനുഭൂതി പകരും. കാര്‍ണിവല്‍ പരേഡുകളിലൂടെ ഫിലിം സിറ്റി മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ച് നടത്തും. സിനിമാറ്റിക് വിനോദം ആസ്വദിക്കാന്‍ തെലുഗു സംസ്ഥാനങ്ങള്‍ക്ക് പുറമെ മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, നോര്‍ത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി സഞ്ചാരികളുടെ ഒഴുക്കാണ്.
പക്ഷി പാര്‍ക്ക്, വെളളച്ചാട്ടങ്ങള്‍, ജയന്‍റ് വീലുകൾ, ഇലക്‌ട്രിക് ട്രെയിന്‍ സവാരി, കുതിര സവാരി എന്നിവ തങ്ങളെ ആകർഷിച്ചതായി കുട്ടികൾ പറയുന്നു. അതേസമയം മനോഹരമായ സ്ഥലം ആസ്വദിച്ചതിന്‍റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് മുതിര്‍ന്നവര്‍. മഹാഭാരതം സിനിവേള്‍ഡ് വല്ലാതെ ആകര്‍ഷിച്ചതായി മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരമായാൽ മിന്നുന്ന വൈദ്യുത വിളക്കുകൾ കാണാൻ ഇരുകണ്ണുകളും പോര എന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.
ഈ അത്ഭുതകരമായ സ്ഥലത്ത് ചുറ്റിക്കറങ്ങുകയെന്നത് മറ്റൊരിടത്തുനിന്നും ലഭ്യമാകാത്ത അനുഭവമായതിനാല്‍ യാത്രികരുടെ പ്രവാഹം ദൃശ്യമാണ്. പ്രത്യേക ആഘോഷ പരിപാടികള്‍ നവംബര്‍ 26 വരെ തുടരും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വിവിധ പാക്കേജുകളിലായി തൃപ്‌തികരമായ ആനുകൂല്യങ്ങള്‍ ഫിലിംസിറ്റി മാനേജ്മെന്‍റ് ലഭ്യമാക്കുന്നുണ്ട്.