ഹൈദരാബാദ്: സൂര്യപേട്ടിൽ നടന്ന 47-ാമത് ദേശീയ ജൂനിയർ കബഡി ഗെയിംസിന്‍റെ ഉദ്‌ഘാടന ചടങ്ങിനിടെ വൻ അപകടം. പരിപാടി നടന്നുകൊണ്ടിരിക്കവേ ഗാലറി തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 100ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപ്രത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്കായി ഇവരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നും ജില്ലാ കലക്‌ടർ വിനയ് കൃഷ്‌ണറെഡ്ഡി പറഞ്ഞു.
ദേശീയ ജൂനിയർ കബഡി ഗെയിംസ് ഉദ്‌ഘാടനവേളയിൽ അപകടം; ഗാലറി തകർന്നുവീണ് നിരവധി പേർക്ക് പരിക്ക് - ഹൈദരാബാദ്
15,000ത്തോളം പേർക്ക് ഇരിക്കാനായി മൂന്ന് ഗാലറികളാണ് സ്ഥാപിച്ചിരുന്നത്. അവയിൽ പുരുഷൻമാരുടെ ഗാലറിയാണ് തകർന്നു വീണത്
സംസ്ഥാന കബഡി അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള 60 ടീമുകൾ പങ്കെടുക്കാനുണ്ടായിരുന്നു. 15,000ത്തോളം പേർക്ക് ഇരിക്കാനായി മൂന്ന് ഗാലറികളാണ് സ്ഥാപിച്ചിരുന്നത്. അവയിൽ പുരുഷൻമാരുടെ ഗാലറിയാണ് തകർന്നു വീണത്. അപകടസമയത്ത് മൂവായിരത്തോളം പേർ ഗാലറിയിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മന്ത്രി ജഗദീഷ് റെഡ്ഡി സന്ദർശിച്ചു. ഇവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കായിക മന്ത്രി ശ്രീനിവാസ് ഗൗഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും അപകടത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്തു.
ഗാലറികളുടെ ശേഷി പരിശോധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ ഉത്തരവാദികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് എസ്‌പി ഭാസ്‌കർ അറിയിച്ചു.