ഹൈദരാബാദ്:അച്ഛന്‍റെ അന്ത്യകർമങ്ങൾ ചെയ്യാൻ മകൻ വിസമ്മതിച്ചതിനെ തുടർന്ന് കർമങ്ങൾ ഏറ്റെടുത്ത് നിർവഹിച്ച് പത്ത് വയസുകാരിയായ മകൾ. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ അശ്വരപേട്ടയിലാണ് സംഭവം. കടബാധ്യത മൂലം ആത്മഹത്യ ചെയ്ത ലിംഗിഷെട്ടി നീലചലത്തിന്‍റെ അന്ത്യകർമങ്ങളാണ് മകൾ നിർവഹിച്ചത്.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ലിംഗിഷെട്ടിക്ക് 16 വയസുള്ള മകനും 10 വയസുള്ള മകളുമാണുള്ളത്. സലൂണിലൂടെ ഉപജീവനമാർഗം കണ്ടെത്തിക്കൊണ്ടിരുന്ന ലിംഗിഷെട്ടിക്ക് കൊവിഡ് കാലമായതോടെ സലൂൺ അടയ്ക്കേണ്ടി വന്നു. ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷവും സലൂണിൽ ആളുകൾ വരാതായതോടെ കട പൂർണമായും അടച്ചുപൂട്ടേണ്ട അവസ്ഥയായി.
ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും പണം കടം വാങ്ങിയാണ് ലിംഗിഷെട്ടി പിന്നീട് കുടുംബം നോക്കിയത്. ക്രമേണ കടങ്ങൾ വർധിച്ച് ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥ വന്നതോടെ കുടുംബം നോക്കാൻ സഹായിക്കാൻ നീലചലം മകനോട് ആവശ്യപ്പെട്ടു. പക്ഷേ മകൻ അനുസരിക്കാതെ വന്നതോടെ നീലചലം പൊലീസിന്‍റെ സഹായം തേടി. ജോലി ചെയ്ത് അച്ഛന്‍റെ ബാധ്യതകളിൽ സഹായിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടിട്ടും മകൻ അനുസരിക്കാൻ തയാറാകാതെ വന്നതോടെ നീലചലം കടുത്ത ദുഃഖത്തിലായിരുന്നു. തുടർന്ന് വ്യാഴാഴ്ച വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് നീലചലം തൂങ്ങിമരിക്കുകയായിരുന്നു.
Also Read: കാലത്തിനും മുമ്പേ സഞ്ചരിച്ചയാൾ; രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനം
ബന്ധുക്കളടക്കം നീലചലത്തിന്‍റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ മകനോട് ആവശ്യപ്പെട്ടിട്ടും മകൻ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് അന്ത്യകർമങ്ങൾ നിർവഹിക്കാൻ 10 വയസുള്ള മകൾ തയാറാകുകായിരുന്നു.