ബൗളിങ് എന്‍റിൽ നുവാൻ കുലശേഖര. കുലശേഖരയുടെ പന്ത് നേരിടുന്നത് എക്കാലത്തെയും ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ശ്വാസം അടക്കിപ്പിടിച്ച് ഇന്ത്യ, ശ്രീലങ്ക ആരാധകർ. ഓഫ് സ്റ്റമ്പിന് പുറത്ത് ഓവർ പിച്ചായി വരുന്ന കുലശേഖരയുടെ പന്ത്. തന്‍റെ തന്മയത്ത്വ ശൈലിയിൽ ഇടത് കാൽ അൽപ്പം പിന്നിലേക്ക് മാറ്റി ധോണിയുടെ ലോഫ്റ്റഡ് ഷോട്ട്.
പന്ത് ഗാലറി കടന്നോ അതോ ശ്രീലങ്കൻ ഫീൽഡർമാരുടെ കൈയിൽ അവസാനിച്ചോ എന്നറിയാത്ത ഏതാനം സെക്കന്‍റുകൾ. മൈക്കിലൂടെ രവി ശാസ്ത്രിയുടെ കമന്‍ററി. "ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. എ മാഗ്നിഫിസന്‍റ് സ്ട്രൈക്ക് ഇന്‍റു ദി ക്രൗഡ്. ഇന്ത്യ ലിഫ്റ്റ്സ് ദി വേൾഡ്കപ്പ് ആഫ്റ്റർ 28 ഇയേർസ്." ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അഭിമാനിച്ച നിമിഷത്തിന് ഇന്നേക്ക് പത്ത് വർഷം.
തന്‍റെ ബാറ്റിൽ നിന്നുയർന്ന പടുകൂറ്റൻ സിക്സിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ലോകകപ്പ് മോഹം മാത്രമായിരുന്നില്ല ധോണി നേടിയത്. എന്നും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഓർക്കാനുള്ള സുന്ദര നിമിഷങ്ങൾ കൂടിയായിരുന്നു ധോണി സമ്മാനിച്ചത്. 22 വർഷങ്ങളായിരുന്നു സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്ന ക്രിക്കറ്റ് ദൈവം ഒരു ലോകകപ്പ് ട്രോഫിക്കായി കാത്തിരുന്നത്. ഒടുവിൽ 2011 ഏപ്രിൽ രണ്ടിന് അദ്ദേഹത്തിന്‍റെ കാത്തിരിപ്പിന് വിരാമം കുറിച്ചു.
ലോകകപ്പിലുടനീളം മിന്നും പ്രകടനമായിരുന്നു ഇന്ത്യൻ താരങ്ങൾ കാഴ്ച്ചവെച്ചത്. സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്താണ് ഇന്ത്യ ശ്രീലങ്കയുമായുള്ള ഫൈനൽ ബർത്ത് ഉറപ്പിച്ചത്. മുംബൈ വാംഗഡെ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ പോരാട്ടം. ഇന്ത്യൻ പതാകകളാലും, ശരീരമാസകലം തങ്ങളുടെ ഇഷ്‌ട താരങ്ങളുടെ പേരും രൂപവുമടക്കം ചായം പൂശിയ ആരാധകരാലും ഒരു നീലക്കടലായി മാറിയ ഗ്യാലറിയായിരുന്നു അന്ന് വാംഗഡയിൽ കണ്ടത്.
കുമാർ സംഗക്കാരയുടെ നേതൃത്വത്തിൽ ലോകകപ്പിനെത്തിയ ശ്രീലങ്കൻ ടീം ഇന്ത്യക്ക് ഒത്ത എതിരാളികൾ തന്നെയായിരുന്നു. ഇന്ത്യയെ പോലെ തന്നെ സീരീസിലുടനീളം മികച്ച പ്രകടനമായിരുന്നു അവരും കാഴ്‌ചവെച്ചത്. 275 റൺസ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് വീശിയ ലങ്കൻ പട ഇന്ത്യക്ക് മുന്നിൽ വെച്ചത്. 88 പന്തിൽ നിന്നും 103 റൺസ് നേടിയ മഹേള ജയവർധന ശ്രീലങ്കക്കായി മികച്ച ഇന്നിംഗ്സ് കാഴ്‌ചവെച്ചു.
തുടക്കത്തിൽ പിഴച്ച ഇന്ത്യൻ നിരക്ക് ലസിത്ത് മലിംഗ എറിഞ്ഞ ആറാം ഓവറിൽ സച്ചിന്‍റെ വിക്കറ്റ് കൂടി നഷ്‌ടപ്പെട്ടത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇനിയൊരു ലോകകപ്പിൽ ഇന്ത്യക്കായി നീലക്കുപ്പായം അണിഞ്ഞ് എത്താൻ കഴിയില്ല എന്നുള്ളതിന്‍റെ വിഷമം സച്ചിന്‍റെ കണ്ണുകളിലും ആരാധകരുടെ നെഞ്ചുകളിലും വ്യക്തമായിരുന്നു. പിന്നീട് ക്രീസിൽ നടന്നത് ഗൗതം ഗംഭീർ ഇന്ത്യൻ ആരാധകർക്കായിത്തീർത്ത മായാജാലം തന്നെയാണ്. 97 റൺസെടുത്ത് പുറത്തായ ഗംഭീറും 91 റൺസെടുത്ത് പുറത്താകാതെ നിന്ന ധോണിയും ചേർന്ന് ഇന്ത്യൻ വിജയസ്വപ്നം യാഥാർഥ്യമാക്കി. ഫൈനലിലെ താരമായി ധോണിയെയും ടൂർണമെന്‍റിലെ താരമായി യുവരാജ് സിംഗിനെയും തെരഞ്ഞെടുത്തു.
ധോണി വീശിയടിച്ച പന്ത് ഗാലറികടന്നപ്പോൾ ഡ്രസിംഗ് റൂമിൽ സന്തോഷാശ്രു പൊഴിക്കുന്ന സച്ചിനായിരുന്നു ബിഗ് സ്ക്രീനിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ വീടുകളിലെ ടിവികളിലും. ഇതുകണ്ട് ഒരു നിമിഷമെങ്കിലും കണ്ണുനിറയാത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കുറവായിരിക്കും. ലോകകപ്പിന് ശേഷം താൻ കാൻസറിനെതിരെ പോരാടുന്നതിനിടെയാണ് ലോകകപ്പ് കളിച്ചതെന്ന യുവരാജ് സിംഗിന്‍റെ തുറന്നുപറച്ചിലും അദ്ദേഹത്തിന്‍റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത പ്രണയത്തിന്‍റെ അടയാളമായി. ടീമിലെ എല്ലാവരും ചേർന്ന് സച്ചിനെ തോളിൽ ചുമന്ന് സ്റ്റേഡിയത്തിന് ചുറ്റും ഇന്ത്യൻ പതാക വീശി കാണികളെ അഭിസംബോധന ചെയ്‌തതും ആരാധകർ മറക്കാനിടയില്ല. ഇന്ത്യൻ പതാകയുമേന്തി ദേശീയഗാനം ആലപിച്ച് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ആരാധകർ തെരുവിലിറങ്ങി ആഘോഷിച്ചു. 2011 ഏപ്രിൽ 2 ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണ് എന്നതിന് ഇന്നും തർക്കമില്ല.